ഷൈലോക്കിൽ സ്റ്റൈലിഷായി മമ്മൂട്ടി; ചിത്രം ക്രിസ്മസിന് തിയേറ്ററുകളിൽ

November 10, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സ്റ്റൈലിഷ് ലുക്കിലാണ് പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അതേസമയം സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു ഷൈലോക്ക് എന്ന ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക്.

Read more: വീണ്ടുമൊരു ഷാൻ റഹ്മാൻ മാജിക്; ശ്രദ്ധനേടി ഹെലനിനെ ഗാനം, വീഡിയോ

ഷൈലോക്ക് എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായകന്‍. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിന്‍ മോഹനും അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.

 

അതേസമയം മമ്മൂട്ടിയുടേതായി വെള്ളിത്തിരയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് വൺ, മാമാങ്കം എന്നിവ. വൺ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥാണ്. ചിത്രത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായാണ് വേഷമിടുന്നതെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കടക്കല്‍ ചന്ദ്രൻ എന്നായിരിക്കും മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

അതേസമയം മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.