36 വര്‍ഷങ്ങള്‍ക്ക് മുമ്പും മമ്മൂട്ടി പെണ്‍വേഷത്തില്‍ വെള്ളിത്തിരയിലെത്തി

November 13, 2019

‘മാമാങ്കം’ എന്ന ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ പെണ്‍വേഷം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്. കണ്ണെഴുതി ചുവന്ന വട്ടപ്പൊട്ടും തൊട്ട് സ്‌ത്രൈണഭാവത്തിലെത്തിയ മഹാനടന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.

‘മാമാങ്ക’ത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ മേക്ക് ഓവര്‍ ശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ 36 വര്‍ഷങ്ങള്‍ക്കുമുമ്പുള്ള താരത്തിന്റെ സ്ത്രീവേഷത്തിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. 1983-ല്‍ തിയേറ്ററുകളിലെത്തിയ ‘ഒന്നു ചിരിക്കൂ’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി പെണ്‍വേഷത്തിലെത്തിയത്. പി ജി വിശ്വംഭരനാണ് ഒന്ന് ചിരിക്കൂ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. സ്വപ്‌ന, ജലജ, അടൂര്‍ഭാസി, ഉമ്മര്‍, സുകുമാരി തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു.

Read more:ലാല്‍ജോസ് സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ നായകനായി പൃഥ്വിരാജ്: വീഡിയോ

അതേസമയം മമ്മൂട്ടിയെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘മാമാങ്കം’. ഡിസംബര്‍ 12 ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ‘മാമാങ്കം’ മൊഴിമാറ്റുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. വള്ളുവനാടിന്റെ ചരിത്രമാണ് ‘മാമാങ്കം’ എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.