‘പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതിൽ പറയുന്നത്’ – മൂത്തോന് അഭിനന്ദനവുമായി മഞ്ജു വാര്യർ

November 12, 2019

‘മൂത്തോൻ’ എന്ന ചിത്രം മലയാളികൾക്ക്  ഒരു വലിയ ദൃശ്യ വിസ്മയം തന്നെയാണ് സമ്മാനിക്കുക എന്നത് പല പ്രമുഖ സിനിമ പ്രവർത്തകരും റിലീസിന് മുൻപ് തന്നെ അഭിപ്രായപ്പെട്ടിരുന്നു. അന്താരാഷ്ട്ര വേദികളിൽ ശ്രദ്ധ നേടിയ ‘മൂത്തോൻ’ റിലീസ് ചെയ്തതോടെ ആ അഭിപ്രായങ്ങൾ അക്ഷരം പ്രതി ശരിയായിരുന്നു എന്നും തെളിയിക്കപ്പെടുകയാണ്. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് മൂത്തോനിൽ എന്ന് നിസംശയം പറയാം. ഗീതു മോഹൻദാസ് മുൻപ് തന്നെ സംവിധായികയായി പേരെടുത്തു എങ്കിലും മലയാളികൾ ആ കഴിവിനെ അടുത്തറിയുന്നത് മൂത്തോനിലൂടെയാണെന്ന് പറയാം.

ഇപ്പോൾ ഉറ്റസുഹൃത്തും നടിയുമായ മഞ്ജു വാര്യർ ഗീതുവിന്റെ ചിത്രത്തിന് മികച്ച അഭിപ്രായമാണ് കുറിച്ചിരിക്കുന്നത്. ഫേസ്ബുക്കിലാണ് മഞ്ജു വാര്യർ മൂത്തോനും അണിയറക്കാർക്കും അഭിനന്ദനം അറിയിച്ചിരിക്കുന്നത്.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് 

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോൻ’ പ്രേക്ഷകരുടെ പ്രശംസ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്. പലരും പറയാൻ മടിക്കുന്ന സത്യങ്ങളാണ് ഗീതു ഇതിൽ പറയുന്നത്. മലയാളസിനിമ ഇന്നേവരെ കടന്നുചെന്നിട്ടില്ലാത്ത ചില ഇടങ്ങളെ ‘മൂത്തോൻ’ കാണിച്ചുതരുന്നു. മനുഷ്യൻ എന്ന പദത്തെ ഏറ്റവും ഭംഗിയോടെ അത് അഭിസംബോധന ചെയ്യുന്നു. ഒപ്പം കടലുപോലെ തിരയടിക്കുന്നതും ചോരപോലെ ചുവക്കുന്നതുമായ യാഥാർഥ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു. ഈ സിനിമ നിങ്ങൾക്ക് ഉള്ളിൽ തട്ടുന്ന അനുഭവം തന്നെയാകും. ഗീതുവിനും നിവിനും രാജീവ് രവിക്കും അനുരാഗ് കശ്യപിനും മൂത്തോന്റെ ഭാഗമായ മറ്റെല്ലാവർക്കും അഭിനന്ദനങ്ങൾ…

Read More :ഉണ്ണിക്കുട്ടനും അക്കോസേട്ടനും ഇരുന്നയിടം’; ഭാര്യക്കൊപ്പം ജയസൂര്യയുടെ നേപ്പാൾ യാത്ര

മലയാള സിനിമയിൽ മുൻപ് കണ്ടിട്ടുണ്ടെങ്കിലും അല്പം കൂടി തീക്ഷണതയോടെ ഗീതു മോഹൻദാസ് സ്വവർഗ്ഗ പ്രണയം മൂത്തോനിൽ ആവിഷ്കരിച്ചിരിക്കുന്നു. ഇമേജ് ഭയമില്ലാതെ വേഷം ഏറ്റെടുത്ത നിവിൻ പോളിയും റോഷൻ മാത്യുവുമാണ് സിനിമയുടെ ആകർഷണീയ ഘടകങ്ങൾ.