‘കണ്ണാടിക്കൂടും കൂട്ടി…’ സൂപ്പര്‍ ഹിറ്റ് ഗാനത്തിന് വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവെച്ച് മഞ്ജു വാര്യര്‍: വീഡിയോ

November 30, 2019

വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന നടി മഞ്ജു വാര്യര്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഇപ്പോഴിതാ വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന മഞ്ജു വാര്യരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നു. മഞ്ജു വാര്യര്‍, ബിജു മേനോന്‍, സുരേഷ് ഗോപി, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ‘പ്രണയവര്‍ണ്ണങ്ങള്‍’ എന്ന ചിത്രത്തിലെ സൂപ്പര്‍ഹിറ്റ് ഗാനമായ ‘കണ്ണാടിക്കൂടും കൂട്ടി…’ എന്ന പാട്ടിനാണ് മഞ്ജു വാര്യര്‍ ചുവടുവെച്ചിരിക്കുന്നത്. കൊച്ചി തോവര സേക്രട് ഹാര്‍ട്ട് കോളേജിന്റെ യൂണിയന്‍ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മഞ്ജു വാര്യരുടെ ഈ തകര്‍പ്പന്‍ പ്രകടനം. താരത്തിനൊപ്പം കലാലയത്തിലെ വിദ്യാര്‍ത്ഥിനികളും മനോഹരമായി ചുവടുവെച്ചു.

അതേസമയം മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘പ്രതി പൂവന്‍ കോഴി’. റോഷന്‍ ആന്‍ഡ്രൂസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിന് ശേഷം റോഷന്‍ ആന്‍ഡ്രൂസും മഞ്ജു വാര്യരും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ‘പ്രതി പൂവന്‍കോഴി’ എന്ന ചിത്രത്തിനുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മാണം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

1995 ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി.

മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014ല്‍ മെയ് മാസം തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. അതേസമയം ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ആണ് ‘അസുരന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതകരണമാണ് ‘അസുരന്‍’ നേടിയതും.