”പാര്‍വതിയല്ലാതെ മറ്റാരെയും ആ വേഷത്തിലേക്ക് സങ്കല്പിക്കാന് കഴിയില്ലായിരുന്നു”: ഉയരെ സംവിധായകന്

തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ‘ഉയരെ’. നവാഗതനായ മനു അശോകന് സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തി. ഗോവയില്‍ വെച്ചു നടക്കുന്ന ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ‘ഉയരെ’ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന്റെ സംവിധായകന് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ‘ഉയരെ’ എന്ന ചിത്രത്തില്‍ പല്ലവി എന്ന കഥാപാത്രം ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പാര്‍വതിയല്ലാതെ മറ്റാരെയും ആ വേഷത്തിലേക്ക് സങ്കല്പിക്കാന് കഴിയില്ലായിരുന്നുവെന്നാണ് സംവിധായകന് പറഞ്ഞത്. മികച്ച പ്രതികരണമാണ് ചലച്ചിത്ര മേളയിലും ‘ഉയരെ’യ്ക്ക് ലഭിച്ചത്.
ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ചിത്രമാണ് ‘ഉയരെ’. കേട്ടു തഴമ്പിച്ച സൗന്ദര്യ സങ്കല്പത്തിന് തികച്ചും വ്യത്യസ്തമായ പുതിയൊരു തലം നല്‍കുന്നുണ്ട് ഈ ചിത്രം. അതുകൊണ്ടാണല്ലോ പല്ലവി എയര്‍ഹോസ്റ്റസായി എത്തിയപ്പോള്‍ കൈയടികളോടെ അവരെ സ്വീകരിക്കാന്‍ പ്രേക്ഷകര്‍ക്കും സാധിച്ചത്.
പാര്‍വതിക്കൊപ്പം ആസിഫ് അലിയും ടൊവിനോയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ബോബി- സഞ്ജയ് ആണ് ‘ഉയരെ’ എന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. പല്ലവി എന്ന കഥാപാത്രത്തെ അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കാന്‍ പാര്‍വതി എന്ന നടിക്ക് സാധിച്ചു. ചിത്രത്തിനു വേണ്ടിയുള്ള പാര്‍വതിയുടെ മേക്ക്ഓവറും സിനിമാലോകത്ത് ശ്രദ്ധ നേടിയിരുന്നു.