ഇത് ബ്രില്ല്യന്‍സുകളില്ലാത്ത ചിത്രം; ‘മറിയം വന്ന് വിളക്കൂതി’ പോസ്റ്റർ പങ്കുവച്ച് ദുൽഖർ

November 4, 2019

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. സിജു വിൽസണ്‍, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, അൽത്താഫ്, എന്നിവരോടൊപ്പം സേതുലക്ഷ്മി, സംവിധായകൻ ബേസിൽ ജോസഫ്, സംവിധായകൻ സിദ്ധാർഥ് ശിവ, ബൈജു, എന്നിവർ കൂടി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘മറിയം വന്ന് വിളക്കൂതി’ ഒറ്റ രാത്രിയിലെ തുടർച്ചയായ 3 മണിക്കൂറിന്റെ കഥ പറയുന്ന ഒരു കോമഡി ത്രില്ലർ ആണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ  പ്രവർത്തകർ. ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പങ്കുവച്ചത്. ബ്രില്ല്യന്‍സുകളില്ലാത്ത ചിത്രം എന്ന ടാഗ്‌ലൈനോടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. സിനോജ് പി അയ്യപ്പനാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

എആര്‍കെ മീഡിയയുടെ ബാനറിൽ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിർമ്മിക്കുന്നത്. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്ത് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ വിതരണം സെഞ്ചുറി ഫിലിംസാണ്. അതേസമയം ചിത്രം പൂർത്തിയാക്കുന്നതിനായി നിർമ്മാതാവ് അനുഭവിച്ച വേദനകൾ നിരത്തികൊണ്ട് സംവിധായകൻ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തും.