മനോഹരം പ്രണായര്‍ദ്രമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം: വീഡിയോ

November 16, 2019

എത്രകേട്ടാലും മതിവരാത്തതാണ് പ്രണയഗാനങ്ങള്‍. അത്രമേല്‍ ആര്‍ദ്രവും മനോഹരവുമായ ഒരു പ്രണയഗാനമാണ് പാട്ട് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിലെ ‘മതിവരാതെ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യഭംഗിയിലും ഈ ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. ബിലു പദ്മിനി നാരായണന്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. വര്‍ക്കി സംഗീതം പകര്‍ന്നിരിക്കുന്നു. ആന്‍ ആമീ, റിതു വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

‘മാന്‍ഹോള്‍’ എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെ ശ്രദ്ധേയമായ വിധു വിന്‍സന്റ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ‘സ്റ്റാന്‍ഡ് അപ്പ്’. രജിഷ വിജയനും നിമിഷ സജയനുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കീര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read more:അങ്ങനെ ഒടുവില്‍ ശുദ്ധവായുവും വില്‍പനയ്ക്ക്; ഡല്‍ഹിയില്‍ ഓക്‌സിജന്‍ ബാര്‍: വീഡിയോ

‘സ്റ്റാന്‍ഡ് അപ്പ്’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ബിലു പദ്മിനി നാരായണനാണ് ഗാനരചന. വര്‍ക്കി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമ, സജിത മഠത്തില്‍, നിസ്താര്‍ സേഠ്, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.