‘സൂപ്പർ സുന്ദരനുമായി’ ടോപ് സിംഗർ താരങ്ങൾ; മിഥുൻ രമേശ് ചിത്രത്തിലെ ആദ്യ ഗാനം: വീഡിയോ

November 8, 2019

ഫ്‌ളവേഴ്‌സ് ടിവിയിലെ ‘കോമഡി  ഉത്സവം’ പരിപടിയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട അവതാരകനായി മാറിയ താരമാണ് മിഥുൻ രമേശ്. വ്യത്യസ്തമായ അവതരണ ശൈലിയിലാണ് മിഥുൻ രമേശിന് ഇത്രയധികം ആരാധകരെ നൽകിയതും. മിഥുന്‍ രമേശ് നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യം’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ഫ്‌ളവേഴ്‌സ് ‘ടോപ് സിംഗറി’ലെ കുട്ടികളാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നതാണ് ഗാനത്തിന്‍റെ ആകര്‍ഷണങ്ങളില്‍ ഒന്ന്. സന്തോഷ് ശർമ്മയുടെ വരികൾക്ക് അരുൺ മുരളീധരനാണ് സംഗീതം നൽകിയിരിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടഗായകരായ റിഥുരാജ്, സ്നേഹ, തേജസ്, ദേവിക എന്നിവർക്കൊപ്പം ശുഭലക്ഷ്മി കല്യാണകൃഷ്ണനും ചേർന്നാണ് ‘സൂപ്പർ സുന്ദരൻ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിന്റെ എഴുത്തുകാരില്‍ ഒരാളായ രാജു ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. രാജു ചന്ദ്രയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. ‘ഊഴം’ എന്ന സിനിമയിലൂടെ ശ്രദ്ധേയമായ ദിവ്യ പിള്ളയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. അതേസമയം ജിമ്മി എന്നു പേരുള്ള ഒരു നായയും ചിത്രത്തില്‍ എത്തുന്നുണ്ട്.

Read more: അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ സമ്മാനമൊരുക്കി അഹാനയും സഹോദരിമാരും; സ്നേഹ വീഡിയോ

ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സിനോ ജോണ്‍ തോമസ്, ശ്യാം കുമാര്‍ എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ജോയ് മാത്യു, ഇടവേള ബാബു, ജോണി ആന്റണി, നിര്‍മല്‍ പാലാഴി, സുനില്‍ സുഗത, ശശി കലിംഗ, സുബീഷ് സുധി, നിസാം കാലിക്കറ്റ്, ശ്രീജ രവി, വീണ നായര്‍, നിഷ മാത്യു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.