‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’; ലാലേട്ടനൊപ്പം പ്രണയാർദ്രമായി മേനകയും, വീഡിയോ

November 26, 2019

മലയാള സിനിമയിലെ ഒരുകാലത്തെ താരജോഡികളായിരുന്ന മോഹൻലാലും മേനകയും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ വെള്ളിത്തിരയിൽ അല്ലെന്ന് മാത്രം. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ഒത്തുചേർന്ന എൺപതുകളിലെ സിനിമ താരങ്ങളുടെ റീ യൂണിയനിലാണ് ഇരുവരും മനോഹരഗാനത്തിന് നൃത്തച്ചുവടുകളുമായി വീണ്ടും ഒന്നിച്ചത്.

‘ചന്ദ്രികയിൽ അലിയുന്നു… ചന്ദ്രകാന്തം’ എന്ന മനോഹരഗാനത്തിനാണ് ഇത്തവണ ഇരുവരും ചുവടുവെച്ചത്. സുഹാസിനിയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളിൽ നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് പിന്തുണയുമായി എത്തുന്നത്. തങ്ങളുടെ പ്രിയപ്പെട്ട താരജോഡികളെ വീണ്ടും കാണാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് ആരാധകർ.

‘ദൂരെ ദൂരെ ഒരു കൂട് കൂട്ടാം’, ‘പൂച്ചക്കൊരു മൂക്കുത്തി’, ‘ബോയിങ് ബോയിങ്’, ‘എന്റെ മോഹങ്ങൾ പൂവണിഞ്ഞു’ തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും വെള്ളിത്തിരയിൽ ഒന്നിച്ചത്. എന്നാൽ വിവാഹശേഷം സിനിമയിൽ നിന്നും മേനക വിട്ടുനിൽക്കുകയായിരുന്നു. അതേസമയം സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് മേനക.