‘ഓരോ വിജയത്തിലും പരാജയത്തിലും തോളോടുതോൾ ചേർന്ന് നിന്ന സൗഹൃദം’; പഴയ ചിത്രം പങ്കുവെച്ച് മോഹൻലാൽ

November 18, 2019

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത നടനാണ് പത്മശ്രീ മോഹൻലാൽ. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട സൗഹൃദത്തിന്റെ കഥ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ. സംവിധായകൻ പ്രിയദർശനൊപ്പമുള്ള  പഴയകാല ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഈ  ചിത്രം ഒരു സുഖമുള്ള ഓർമയാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചത്.

പ്രിയദർശന്റെ 95- മത്തെ ചിത്രമായ ‘മരയ്ക്കാർ  അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിൽ കുഞ്ഞാലിമരയ്ക്കാറായി വേഷമിടുന്നത് മോഹൻലാൽ ആണ്. ചിത്രത്തിലെ താരത്തിന്റെ മേക്ക് ഓവറും ചലച്ചിത്രലോകത്ത് ശ്രദ്ധനേടിയിരുന്നു. വമ്പന്‍ റിലീസാണ് ചിത്രത്തെ കാത്തിരിക്കുന്നത്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരയ്ക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ 500 -ഓളം സ്‌ക്രീനുകള്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞതായാണ് സൂചന. ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 19-ന് തിയേറ്ററുകളിലെത്തും.

Read also: ഇങ്ങനെയാണ് നിവിൻ പോളി ‘മൂത്തോൻ’ ആയത്; മേക്കിങ് വീഡിയോ കാണാം

ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയാണ് ചിത്രം പറയുന്നത്. ആന്റണി പെരുമ്പാവൂരും കോൺഫിഡന്റ് ഗ്രൂപ്പ് തലവൻ സി ജെ റോയിയും മൂൺ ഷോട്ട് എന്റർടൈൻമെന്റും ചേർന്നാണ് 100 കോടി മുതൽമുടക്കിൽ ഈ സിനിമ നിർമ്മിക്കുന്നത്. കുഞ്ഞാലി മരയ്ക്കാരായി മോഹൻലാൽ എത്തുന്ന ചിത്രത്തിൽ മരയ്ക്കാരുടെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുമെന്നും സൂചനയുണ്ട്.

മോഹൻലാലിൻറെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം  വായിക്കാം:

ഈ ചിത്രം സുഖമുള്ള ഒരോർമ്മയാണ്… സിനിമാ സ്വപ്നങ്ങൾ കണ്ടത്.. പല കഥാപാത്രങ്ങളും ജനിച്ചത്… ഈ സൗഹൃദത്തിൽ നിന്നാണ്…ആദ്യ ചിത്രം മുതൽ മരയ്ക്കാർ വരെ…ആദ്യ കയ്യടി മുതൽ വലിയ ആഘോഷങ്ങൾ വരെ…ഓരോ വിജയത്തിലും പരാജയത്തിലും തോളോടു തോള്‍ ചേർന്നു നിന്ന സൗഹൃദം….