ക്വിയർ പരേഡിന് മൂത്തോന്റെ പിന്തുണ; പരേഡിൽ പങ്കെടുക്കാൻ ഗീതുവും നിവിൻ പോളിയും

November 16, 2019

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് ‘മൂത്തോൻ’. നിവിൻ പോളിയും റോഷൻ മാത്യുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗീതു മോഹൻദാസ് ആണ്. ഇപ്പോൾ പത്താമത് ക്വിയർ പരേഡ് നടക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ അതിനു പിന്തുണയുമായി എത്തിയിരിക്കുകയാണ് മൂത്തോൻ ടീം.

ഈ മാസം 16-17 തീയതികളിൽ നടക്കുന്ന പരേഡിൽ മൂത്തോൻ ടീമിനായി ഗീതു മോഹൻദാസും നിവിൻ പോളിയും പങ്കെടുക്കും. എറണാകുളം ദർബാർ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ സംവാദവും നടക്കും. പതിനേഴിന് നടക്കുന്ന പരേഡിലാണ് ഗീതുവും നിവിനും പങ്കെടുക്കുക.

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മൂത്തോൻ. ആദ്യ ചിത്രമായ ലയേഴ്‌സ് ഡൈസ് അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയിരുന്നു. ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയാണ് മൂത്തോൻ പ്രദർശനത്തിന് എത്തിയത്.

Read More:പ്രണയിനിയായി മാനുഷി ഛില്ലർ; മുൻ ലോകസുന്ദരിയുടെ സിനിമാപ്രവേശനം അക്ഷയ് കുമാറിനൊപ്പം!

ഷഷാങ്ക് അറോറ, ശോഭിത ധൂലിപാല, സഞ്ജന ദീപു, സുജിത് ശങ്കര്‍, മെലിസ രാജു, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ഗീതു മോഹൻദാസും പ്രസിദ്ധ സംവിധായകൻ അനുരാഗ് കശ്യപും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.