ചെണ്ടയില്‍ ‘മുക്കാല മുക്കാബല…’ സൈബര്‍ ലോകത്തിന്റെ മനംകവര്‍ന്ന് ഒരു വാദ്യമേളം: വീഡിയോ
പള്ളിപ്പെരുന്നാളുകളുടെയും ഉത്സവങ്ങളുടെയുമൊക്കെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് വാദ്യമേളം. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് തൃശ്ശൂര്‍ ചാലിശ്ശേരി കല്ലുംപുറത്ത് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി അരങ്ങേറിയ ഒരു വാദ്യമേളത്തിന്റെ വീഡിയോ. ഭാഷയുടേയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച് പാട്ട് പ്രേമികള്‍ ഏറ്റുപാടിയ മുക്കാല മുക്കാബല…എന്ന ഗാനമാണ് ചെണ്ടയില്‍ കൂടുതല്‍ ആകര്‍ഷണീയമാക്കിയിരിക്കുന്നത്.
തൃശ്ശൂരിലെ മുണ്ടൂര്‍ കൊള്ളന്നൂരിലെ ആട്ടം കലാസമിതിയാണ് ഈ മേളപ്പെരുക്കത്തിന് പിന്നില്‍. കൈരളി ബാന്റ് സംഘത്തോടൊപ്പമാണ് ചെണ്ടയില്‍ ആട്ടംകലാസമിതി ‘മുക്കാല മുക്കാബല…’ തീര്‍ത്തത്. പെരുന്നാള്‍ കൂടാനെത്തിയവര്‍ വാദ്യമേളത്തിനനുസരിച്ച് മനോഹരമായി ചുവടുകള്‍ വയ്ക്കുന്നതും വീഡിയോയില്‍ കാണാം.
സംഗീതമാന്ത്രികന് എ ആര് റഹ്മാന്റെ വിസ്മയത്തില്‍ പിറന്നതാണ് ‘മുക്കാല മുക്കാബല…’ എന്ന ഗാനം. 1994-ല്‍ തിയേറ്ററുകളിലെത്തിയ ‘കാതലന്‍’ എന്ന ചിത്രത്തിലെ ഈ ഗാനം മികച്ച സ്വീകാര്യത നേടിയിരുന്നു. ഇന്ത്യന്‍ സംഗീതരംഗത്തുതന്നെ ശ്രദ്ധ നേടിയ ‘മുക്കാല മുക്കാബല..’ എന്ന ഗാനത്തിന് ഇന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ട്.
നിരവധിപ്പേരാണ് ഈ ചെണ്ടമേളത്തില്‍ ഒരുക്കിയ ‘മുക്കാല മുക്കാബല..’ ഗാനത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്. ഗായിക ശ്വേത മോഹനും ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. റഹ്മാന് സാറിന് ഇത് കണ്ടാല്‍ സന്തോഷമാകുമെന്നും ശ്വേത മോഹന്‍ ട്വിറ്ററില്‍ കുറിച്ചു.
Some songs are evergreen and will make you groove to it even if you ve heard it a 1000 times ???… A really interesting version of #MuqqalaMuqabala with #Chenda melam and #Brass .. sure @arrahman sir would be happy to see it !! #Chenda #kerala #nativeinstrument pic.twitter.com/AKv3lTDCnx
— Shweta Mohan (@_ShwetaMohan_) November 9, 2019