പൃഥ്വിക്കൊപ്പം നാല്പത്തിയൊന്നിന്റെ വിജയം ആഘോഷിച്ച് താരങ്ങൾ ; വീഡിയോ
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘നാല്പത്തിയൊന്ന്’. ചിത്രത്തിന്റെ വിജയാഘോഷങ്ങളുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നടൻ പൃഥ്വിരാജിനും ബിജു മേനോനും അണിയറ പ്രവർത്തകർക്കുമൊപ്പമാണ് സംവിധായകൻ ലാൽ ജോസ് ചിത്രത്തിന്റെ വിജയം ആഘോഷിച്ചത്.
ചിത്രത്തിൽ ബിജു മേനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാൽപത്തിയൊന്ന്. കണ്ണൂർ ജില്ലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയത്. ബിജു മേനോനും ലാൽ ജോസും ഒന്നിച്ച ഒരു മറവത്തൂർ കനവിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ ഇരുകൈകളും നീട്ടിയാണ് ചിത്രത്തെ ആരാധകർ സ്വീകരിക്കുന്നതും.
കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമായ നാല്പത്തിയൊന്ന് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ നിന്ന് തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രാഹണവും നിര്‍വഹിക്കുന്നു. അജയന് മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.