നാൽപത്തിയൊന്ന് തമിഴിലേക്ക്; ബിജു മേനോന് പകരം വിജയ് സേതുപതി

November 15, 2019

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ്   ‘നാല്പത്തിയൊന്ന്’. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുകയാണ്. ബിജു മേനോൻ ചെയ്ത ഉല്ലാസ് മാഷിനെ വെള്ളിത്തിരയിൽ അവതരിപ്പിക്കുക  വിജയ് സേതുപതി ആയിരിക്കും. അതേസമയം തമിഴിനോടൊപ്പം തെലുങ്കിലേക്കും ചിത്രം റീമേക്ക് ചെയ്യും. തെലുങ്കിലെ അഭിനേതാക്കളുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

മലയാളത്തിൽ  ബിജു മേനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാല്‍പത്തിയൊന്ന്. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്. കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് ചിത്രം. കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Read more: വിനോദ സഞ്ചാരികളുടെ മനം കവർന്ന് നദിക്കുള്ളിലെ വീട്: ചിത്രങ്ങൾ

നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.