അമ്പരപ്പിച്ച് നസ്രിയ; ശ്രദ്ധനേടി ട്രാൻസിലെ ലുക്ക്

കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. രണ്ടു വര്ഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിൽ ഫഹദിന്റെ നായികയായി നസ്രിയ നസിം എത്തുന്നുവെന്ന വാർത്ത നേരത്തെ ആരാധകർക്കിടയിൽ ആകാംഷ ജനിപ്പിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
വിവാഹ ശേഷം വെളളിത്തിരയിൽ നിന്നും വിട്ടു നിന്ന നസ്രിയ, അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിയിരുന്നു. നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ട്രാൻസ് അടുത്തിടെയാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം ഡിസംബർ 20 ന് തിയറ്ററുകളിൽ എത്തും.
നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.
Read also: പെപ്പെ- ടിനു പാപ്പച്ചൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം: ‘അജഗജാന്തരം ഒരുങ്ങുന്നു
ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്ഥത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമയായിരിക്കും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ ‘വരത്തനി’ലും നായകനായി എത്തിയത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ– ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു. അധികം കൊട്ടിഘോഷങ്ങളില്ലാതെ എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ ഈ ചിത്രവും കാണികളുടെ കൈയടി വാങ്ങുമെന്നതിൽ സംശയമില്ല.