‘പൂഴിക്കടകന്‍’ നാളെ മുതല്‍ തിയേറ്ററുകളിലേക്ക്‌

November 28, 2019

ചെമ്പന്‍ വിനോദും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘പൂഴിക്കടകന്‍’. ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങള്‍ ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്. നവാഗതനായ ഗിരീഷ് നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ധന്യാ ബാലകൃഷ്ണന്‍ ചിത്രത്തില്‍ നായികയായെത്തുന്നു. ബിജു സോപാനം, അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സജിത് നമ്പ്യാര്‍, സുധി കോപ്പ, കോട്ടയം പ്രദീപ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ടെന്ന് ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

ചിത്രത്തിന്റെതായി ചില ഗാനങ്ങളും നേരത്തെ പുറത്തിറങ്ങിയിരുന്നു. ഈ ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. പൂഴിക്കടകന്‍ എന്ന സിനിമയിലെ ‘നക്ഷത്രം മിന്നിയൊരുങ്ങുന്നേ…’ എന്ന ഗാനം അടുത്തിടെയാണ് പുറത്തിറങ്ങിയത്. കെ എസ് ഹരിശങ്കര്‍ ആലപിച്ച ഈ ഗാനം ശ്രദ്ധ നേടുന്നുണ്ട്.

Read more:ഭക്ഷണം കഴിക്കുമ്പോള്‍ ദേ, ഇങ്ങനെ ആസ്വദിച്ച് കഴിക്കണം: രസകരമായ വീഡിയോ പങ്കുവെച്ച് മഞ്ജു വാര്യര്‍

ചിത്രത്തിലെ ‘പൊന്‍വെയിലിന്‍ കസവായ്…’ എന്നു തുടങ്ങുന്ന ഗാനവും നേരത്തെ പുറത്തെത്തിയിരുന്നു. വിജയ് യേശുദാസും ആന്‍ ആമിയും ചേര്‍ന്ന് ആലപിച്ച ഈ ഗാനവും മികച്ച സ്വീകാര്യത നേടി. രഞ്ജിത്തും ബിജിബാലുമാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാം, നൗഫല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘പൂഴിക്കടകന്‍’ എന്ന ചിത്രത്തിന്റെ നിര്‍മാണം.