‘പ്രേമ’ത്തിലെ കുട്ടി സെലിനെ ഓർമ്മയുണ്ടോ..! ചിത്രം പങ്കുവെച്ച് ആന്റണി വർഗീസ്

നിവിൻ പോളി നായകനായ ‘പ്രേമം’ എന്ന ചിത്രം ഒട്ടേറെ പുതുമുഖ നായികമാരെയാണ് സമ്മാനിച്ചത്. മലരായെത്തിയ സായി പല്ലവി, മേരിയായി എത്തിയ അനുപമ പരമേശ്വരൻ, സെലിനായെത്തിയ മഡോണ സെബാസ്റ്റ്യൻ അങ്ങനെ നീളുന്നു ആ നായികനിര. മൂന്നു നായികമാർക്കും മലയാളത്തിനേക്കാൾ ഏറെ അവസരങ്ങൾ ലഭിച്ചത് അന്യഭാഷകളിലാണ്.
ചിത്രം റിലീസ് ആയ സമയത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ബാലതാരവുമുണ്ടായിരുന്നു. സെലിന്റെ ചെറുപ്പം അവതരിപ്പിച്ച കുട്ടി. ഈവാ പ്രകാശ് ആണ് മഡോണയുടെ ചെറുപ്പം അവതരിപ്പിച്ചത്. ആ സമയത്ത് മഡോണയും ഈവയും തമ്മിലുള്ള മുഖ സാദൃശ്യം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് സിനിമയിലൊന്നും ഈവയെ കണ്ടില്ല. ഇപ്പോൾ വർഷങ്ങൾക്ക് ശേഷം നടൻ ആന്റണി വർഗീസ് കുട്ടി സെലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ‘പ്രേമം (കുട്ടി സെലിൻ )’ എന്ന അടിക്കുറിപ്പോടെയാണ് ആന്റണി ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ആന്റണി ജെല്ലിക്കെട്ടിനു ശേഷം നായകനാകുന്ന ചിത്രമാണ് ‘അജഗജാന്തരം’. ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അജഗജാന്തരം’. ‘സ്വാതന്ത്ര്യം അർദ്ധരാത്രി’ക്ക് ശേഷം പുതിയ സിനിമയിലൂടെ ഇരുവരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്.
Read More:വിഘ്‌നേഷിനൊപ്പം പിറന്നാള്‍ ആഘോഷിച്ച് നയന്‍താര; ചിത്രങ്ങള്‍ കാണാം
‘അജഗജാനന്തര’ത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൽ ഈവ പ്രകാശ് അഭിനയിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അതിനോടൊപ്പം ആന്റണി തമിഴ് സിനിമ ലോകത്തേക്കും കടക്കുകയാണ്. വിജയ് നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ആന്റണി എത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.