അഭിനയത്തിൽ മാത്രമല്ല പാട്ടിലും കേമനാണ് റാണ ദഗുബാട്ടി; വിശാൽ ചിത്രത്തിൽ റാപ് ഗാനം ആലപിച്ച് താരം

November 12, 2019

‘ബാഹുബലി’ എന്ന ചിത്രത്തില്‍ മഹിഷ്മതി സാമ്രാജ്യത്തിലെ പല്‍വാല്‍ ദേവനായി വേഷമിട്ട റാണ ദഗുബാട്ടിയ്ക്ക് നിരവധിയാണ് ആരാധകർ. താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ഇഷ്ടത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നതും. ഇപ്പോഴിതാ അഭിനയത്തിന് പുറമെ താനൊരു ഗായകൻ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് താരം. വിശാൽ കേന്ദ്രകഥാപാത്രമായെത്തുന്ന ‘ആക്ഷൻ’ എന്ന ചിത്രത്തിലാണ് താരം ഗായകനായെത്തുന്നത്.

ഹിപ്പ് ഹോപ് ആധി ഒരുക്കിയ ഗാനത്തിന്റെ തെലുങ്ക് വേർഷനിലാണ് റാണ പാടിയിരിക്കുന്നത്. ‘ലൈറ്റ്സ്‌ ക്യാമറ ആക്ഷൻ’ എന്നു തുടങ്ങുന്ന റാപ് ഗാനമാണ് റാണ ആലപിച്ചിരിക്കുന്നത്.

വിശാല്‍ നായകനായെത്തുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയും എത്തുന്നുണ്ട്. താരത്തിന്റെ തമിഴ് ചലച്ചിത്ര രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രംകൂടിയാണ് ‘ആക്ഷൻ’. ഐശ്വര്യ ലക്ഷ്മിക്ക് പുറമെ, തമന്നയും അഹന്‍സാ പൂരിയും ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളായെത്തുന്നുണ്ട്. നവംബര്‍ 15 ന് ‘ആക്ഷന്‍’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

സുന്ദര്‍ സി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ട്രൈഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ‘ആക്ഷന്‍’ എന്ന സിനിമയുടെ നിര്‍മ്മാണം. ഡൂഡ്‌ലി ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read more: ശ്ശോ, എന്നെക്കൊണ്ട് വയ്യ…!! പാട്ടിനൊപ്പം പഞ്ച് ഡയലോഗുമായി കുസൃതിക്കുടുക്ക; ചിരി വീഡിയോ

പേര് പോലെതന്നെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ‘ആക്ഷന്‍’. കേണല്‍ സുഭാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിശാല്‍ അവതരിപ്പിക്കുന്നത്. യോഗി ബാബു, ആകാംഷ പുരി, കബീര്‍ ദുഹാന്‍ സിങ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.