‘ക്യൂട്ട്’; താരത്തിന്റെ ബാല്യകാല ചിത്രത്തിന് സോഷ്യൽമീഡിയയിൽ വൻവരവേൽപ്പ്

November 2, 2019

സിനിമാതാരങ്ങളുടെ ഓരോ വിശേഷങ്ങൾക്കും കാഴ്ച്ക്കാർ ധാരാളമാണ്. താരങ്ങളെപോലെത്തന്നെ അവരുടെ ബാല്യകാല ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മെഗാസ്റ്റാർ  മമ്മൂട്ടിയുടെയും അഹാന കൃഷ്ണകുമാറിന്റെയും ഒക്കെ ബാല്യകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെയാണ് മലയാളികളുടെ പ്രിയങ്കരി സംവൃത സുനിലിന്റെ ഒരു ബാല്യകാല ചിത്രം സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

കഴിഞ്ഞ ദിവസം സംവൃതയുടെ വിവാഹവാർഷികമായിരുന്നു. നിരവധിപ്പേരാണ് താരത്തിനും ഭർത്താവ് അഖിലിനും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. അതിനിടെ ആരോ പങ്കുവച്ചതാണ് താരത്തിന്റെ ബാല്യകാല ചിത്രം.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു താരം വെള്ളിത്തിരയിലേക്ക് വീണ്ടും എത്തിച്ചേർന്ന ചിത്രമാണ് ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ’. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിൽ ബിജു മേനോന്റെ ഭാര്യയായാണ് താരം അഭിനയിച്ചത്. മനോഹരമായൊരു കുടുംബചിത്രമാണ് ഇത്. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘രസികന്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006ല്‍ ശ്രീകാന്ത് നായകനായ ‘ഉയിര്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും ‘എവിടെന്തേ നാകേന്തി’എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു. തെലുങ്കില്‍ ഈ ചിത്രം വന്‍ ഹിറ്റായി.