അദ്വൈതിന് വേണ്ടി ദുല്‍ഖര്‍ പാടി; ശ്രദ്ധേയമായി ‘സര്‍ബത്ത് ആന്തം’ വീഡിയോ
വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ അവിസ്മരണീയമാക്കുന്ന നടനാണ് ജയസൂര്യ. പലപ്പോഴും താരത്തിന്റെ വീട്ടുവിശേഷങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ജയസൂര്യയുടെ മകന് അദ്വൈതും(ആദി) ചലച്ചിത്രരംഗത്ത് ശ്രദ്ധ നേടിത്തുടങ്ങിയിരിക്കുന്നു. അഭിനയത്തിനു പുറമെ ഹ്രസ്വചിത്രങ്ങളുടെ സംവിധാനത്തിലൂടെ ആദി നിരവധി ആരാധകരെയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അദ്വൈത് ജയസൂര്യ ഒരുക്കുന്ന വെബ് സീരീസാണ് ‘ഒരു സര്‍ബത്ത് കഥ’. ഈ വെബ് സീരീസിനുവേണ്ടി ദുല്‍ഖര്‍ സല്മാന് ആലപിച്ച ഗാനമാണ് ശ്രദ്ധേയമാകുന്നത്.
‘കാര്യമില്ലാ നേരത്ത് ഇത്തിരി നേരം ഒത്തിരി കാര്യം…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ നേരത്തെ പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ സര്‍ബത്ത് പാട്ടിന്റെ വീഡിയോയും പുറത്തെത്തിയിരിക്കുന്നു. ലയ കൃഷ്ണ രാജിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൃഷ്ണരാജാണ്.
Read more:‘കമ്യൂണിസ്റ്റുകാരനായി നടക്കുകയല്ല, കമ്യൂണിസ്റ്റുകാരനായി ജീവിക്കണം’; അണ്ടർവേൾഡ് ടീസർ
അദ്വൈത് തന്നെയാണ് വെബ് സീരീസിന്റെ കഥയും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത്. ജയസൂര്യയും സരിത ജയസൂര്യയും ചേര്‍ന്നാണ് നിര്‍മ്മാണം. അജയ് ഫ്രാന്‍സിസ് ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഒമര്‍ അലി കോയ, കിരണ്‍ നായര്‍, നവനീത് മംഗലശ്ശേരി, അഞ്ജലി മനോജ്, പോസിറ്റീവ് ജാഫര്‍, ചന്ദന്‍ കുമാര്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍.
അതേസമയം അദ്വൈത് സംവിധാനം ചെയ്ത ‘കളര്‍ഫുള്‍ ഹാന്‍ഡ്സ്’ എന്ന ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമ ആസ്വാദകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കഥ എഴുതിയതും എഡിറ്റിങ് നിര്‍വ്വഹിച്ചതുമെല്ലാം അദ്വൈത് ആണ്. ഷോര്‍ട്ട്ഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്വൈത് ആണ്. അദ്വൈതിനുപുറമെ അര്ജുന് മനോജ്, മിഹിര്‍ മാധവ്, അനന് അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിച്ചത്. ‘ഗുഡ് ഡേ’ എന്ന ഹ്രസ്വ ചിത്രവും അദ്വൈത് നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്.