‘അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അവൾ നമ്മളെ ബോധ്യപ്പെടുത്തുന്നു’: അന്നയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പുമായി സത്യൻ അന്തിക്കാട്
നിഷ്കളങ്കമായ പുഞ്ചിരിയും മനോഹരമായ അഭിനയവുംകൊണ്ട് ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടംനേടിയ താരമാണ് അന്ന ബെൻ. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിൽ ബേബി മോളായാണ് അന്ന വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ‘ഹെലൻ’ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രമായി താരം വേഷമിട്ടു. ചിത്രത്തിലെ അഭിനയത്തിന് അന്നയെ പ്രശംസിച്ച് നിരവധി ആളുകൾ എത്തിയിരുന്നു. ഇപ്പോഴിതാ അന്നയുടെ അഭിനയത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്.
“ആഹ്ളാദകരമായ ഒരു അമ്പരപ്പിനെ പറ്റി പറയാം.
‘ഹെലൻ’ എന്ന സിനിമ കണ്ടു. പടം തീർന്നിട്ടും കാണികളൊഴിഞ്ഞിട്ടും സീറ്റിൽ നിന്നെഴുന്നേൽക്കാൻ തോന്നിയില്ല. അത്രയേറെ ആ പെൺകുട്ടി എന്നെ കീഴ്പ്പെടുത്തി കഴിഞ്ഞിരുന്നു. അന്ന ബെൻ..
ബെന്നി പി നായരമ്പലത്തിന്റെ വീട്ടിൽ പോയിട്ടുള്ളപ്പോഴൊക്കെ അന്ന യൂണിഫോമിലും അല്ലാതെയും അവിടെ പാറി നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും വിചാരിച്ചിട്ടില്ല ഈ മോൾക്ക് ഇത്രയേറെ അഭിനയ സിദ്ധിയുണ്ടെന്ന്. ‘കുമ്പളങ്ങി നൈറ്റ്സ്’ കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു, എത്ര അനായാസമായാണ് ഈ കുട്ടി അഭിനയിക്കുന്നതെന്ന്.
ഹെലനിൽ അഭിനയത്തിന്റെ പൂർണ്ണതയെന്താണെന്ന് അന്ന ബെൻ നമ്മളെ ബോദ്ധ്യപ്പെടുത്തുന്നു. എന്തൊരു ചാരുതയാണവളുടെ ഭാവങ്ങൾക്ക് !
ചിറക് വിരിഞ്ഞിട്ടേയുള്ളൂ. മലയാള സിനിമയുടെ ആകാശം നിനക്ക് മുന്നിൽ തുറന്ന് കിടക്കുന്നു. ഇനി ആത്മവിശ്വാസത്തോടെ പറക്കാം. ഒരു പാട് പ്രശംസകളും അംഗീകാരങ്ങളും അന്നയെ കാത്തിരിക്കുന്നുണ്ട്. മനസ്സ് നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും.
വിനീതിനും, ആദ്യ സിനിമ ഹൃദ്യമാക്കിയ മാത്തുക്കുട്ടി സേവ്യറിനും, ഷാനുവിനും മറ്റെല്ലാ അണിയറ പ്രവത്തകർക്കും അഭിനന്ദനങ്ങൾ.”- സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ കുറിച്ചു.
മാത്തുക്കുട്ടി സേവ്യർ ആദ്യമായി സംവിധാനം ചെയ്ത് ചിത്രമാണ് ‘ഹെലൻ’. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ ആണ് ചിത്രം നിർമിച്ചത്. അച്ഛൻ- മകൾ ബന്ധത്തിന്റെ ആഴവും സ്നേഹവുമെല്ലാം പറയുന്ന ചിത്രമാണ് ‘ഹെലൻ’. അന്ന ബെൻ അവതരിപ്പിക്കുന്ന ‘ഹെലൻ’ എന്ന കഥാപാത്രത്തിന്റെ അച്ഛൻ വേഷത്തിൽ എത്തുന്നത് നടൻ ലാൽ ആണ്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.