ശ്രദ്ധേയമായി ‘സെല്ലിംഗ് ഡ്രീംസ്’ മ്യൂസിക് വീഡിയോ; അഭിമാനമായി മലയാളി സാന്നിധ്യം

November 1, 2019

ജീവിതത്തില്‍ ചില സ്വപ്‌നങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ വെല്ലുവിളികളും പ്രതിസന്ധികളുംനേരിടേണ്ടി വരുമ്പോള്‍ സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കാറുണ്ട് ചിലര്‍. ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് സ്വപ്‌നങ്ങളെ ജീവിതത്തിന്റെ ഭാഗമാക്കുന്നവരുമുണ്ട് നമുക്കിടയില്‍. സ്വപ്‌നങ്ങളുടെ കഥ പറയുകയാണ് ‘സെല്ലിംഗ് ഡ്രീംസ്’ എന്ന അന്താരാഷ്ട്ര മ്യൂസിക്കല്‍ ആല്‍ബം.

ഉക്രൈന്‍ ബോക്‌സിങ് താരം തോമസ് പോപ്പോവിന്റെ ജീവിതത്തിലെ ചെറിയൊരു അനുഭവമാണ് ഈ മ്യൂസിക് വീഡിയോയിലൂടെ പറയുന്നത്. തോമസ് പോപ്പോവ് തന്നെയാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നതും. അതേസമയം മലയാളി സാന്നിധ്യമാണ് മ്യൂസിക് വീഡിയോയുടെ മുഖ്യ ആകര്‍ഷണം. മലയാളിയായ അരുണ്‍ മോഹന്‍ ആണ് സെല്ലിംഗ് ഡ്രീംസിന്റെ സംവിധായകന്‍.

Read more:‘അനന്തരം’: ഈ കുരുന്നുകള്‍ക്ക് വേണം സുമനസ്സുകളുടെ സഹായഹസ്തം

ഒരു യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ചിത്രീകരിച്ച ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത് രഞ്ജി ബ്രോതെര്‌സ്, കാര്‍ണിവല്‍ സിനിമാസ് (സിങ്കപ്പൂര്‍ ) എന്നിവര്‍ ചേര്‍ന്നാണ്. നൈജീരിയയില്‍ നിന്നുള്ള ഗബ്രീല്‍ അനമാന്, കെത്തി, ഈറോക് എന്നിവരാണ് ആലാപനം. സംവിധായകന്‍ തന്നെയാണ് എഡിറ്റിങും ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നത്. അരുണ്‍ പി എ ആണ് ശബ്ദമിശ്രണം.

സാമൂഹ്യ മാധ്യമങ്ങളിലും പാട്ടുപ്രേമികള്‍ക്കിടയിലും സെല്ലിംഗ് ഡ്രീംസ് ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഒരു മലയാളി ചെയ്ത വളരെ മികവാര്‍ന്ന ടെക്‌നിക്കല്‍ പ്രൊഡക്ട് എന്ന ഈ മ്യൂസിക് വീഡിയോയെ പ്രശംസിച്ചുകൊണ്ടും നിരവധിപേര്‍ രംഗത്തെത്തുന്നുണ്ട്. റബ്ബിന്‍ രഞ്ജിയും, എബി ജോണുമാണ് സെല്ലിങ് ഡ്രീംസ് എന്ന മ്യൂസിക് ആല്‍ബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.