റിയലിസ്റ്റിക് ത്രില്ലറുമായി ഷെയ്ൻ നിഗം; പുതിയ ചിത്രം വേണുവിനൊപ്പം

November 20, 2019

അഭിനയത്തിലെ മികവിനൊപ്പം പുഞ്ചിരിയും ലാളിത്യവും കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധനേടിയ താരമാണ് ഷെയ്ൻ നിഗം. കുറഞ്ഞ കാലയളവിനുള്ളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരത്തിന്റെ വിശേഷങ്ങൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന്റെ പുതിയ ചിത്രത്തിലാണ് ഷെയ്ൻ നായകനായി എത്തുന്നത്. റിയലിസ്റ്റിക് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഐ ടി കമ്പനി ജീവനക്കാരനായാണ് താരം എത്തുന്നത്. എന്നാൽ ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയ താരം മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടനായി മാറിക്കഴിഞ്ഞു. അനുരാഗ് മനോഹർ സംവിധാനം നിർവഹിച്ച ‘ഇഷ്‌കാ’ണ് താരത്തിന്റേതായി വെള്ളിത്തിരയിൽ എത്തിയ അവസാന ചിത്രം. ചിത്രത്തിൽ സച്ചി എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് ഷെയ്ൻ കാഴ്ചവെച്ചത്.

അതേസമയം ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’, ‘ഉല്ലാസം’, ‘വലിയ പെരുന്നാൾ’, ‘വെയിൽ’ എന്നിവ.

Read also: പണി പൂർത്തിയാകാത്ത കെട്ടിടത്തിൽ കണ്ട അന്യഗ്രഹജീവികൾ..!; ലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോയ്ക്ക് പിന്നിലെ രഹസ്യമിതാണ് 

‘വലിയ പെരുന്നാൾ’ നവാഗതനായ ഡിമൽ ഡെന്നീസാണ് സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസിനൊരുങ്ങുകയാണ്. ‘ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ്’ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസാണ്. ഷെയ്ൻ നിഗത്തിനൊപ്പം സൗബിൻ സാഹിർ, ജോജു എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്.

‘ഡാനിയേൽ കേൾക്കുന്നുണ്ട്’  എന്ന  ചിത്രം സംവിധാനം ചെയ്യുന്നത് ജോണി ആന്റണിയാണ്. ചിത്രത്തിനായി തിരക്കഥ രചിച്ചിരിക്കുന്നത് നവാഗതനായ അനില്‍ ലാലാണ്.

‘ഉല്ലാസം’ നവാഗതനായ ജീവൻ ജോജോയാണ്  സംവിധാനം ചെയ്തിരിക്കുന്നത്. പ്രവീൺ ബാലകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ്. പവിത്ര ലക്ഷ്മിയാണ് നായിക.