‘അന്ന് അച്ഛനുവേണ്ടി; ഇന്ന് മകനുവേണ്ടി’; ചിത്രീകരണത്തിനായി ബസില്‍ കയറിയ അനുഭവം പങ്കുവെച്ച് ശോഭന

November 18, 2019

നീണ്ട ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര രംഗത്തേയ്ക്ക് തിരികെയെത്തിയിരിക്കുകയാണ് നടി ശോഭന. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങിവരവ്. സിനിമയുടെ ചിത്രീകരണ വേളയിലെ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് താരം. ‘അന്ന് അനൂപിന്റെ അച്ഛന്റെ ചിത്രത്തിനു വേണ്ടി ബസില്‍ കയറി, ഇന്ന് അനൂപിന്റെ ചിത്രത്തിനു വേണ്ടിയും’ എന്നു കുറിച്ചുകൊണ്ടാണ് ഒരു ബസ് യാത്രയുടെ ചിത്രം ശോഭന പോസ്റ്റ് ചെയ്തിരിക്കുന്നത്.

അതേസമയം അനൂപ് സത്യന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 2016- ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ‘തിര’യാണ് ശോഭന വെള്ളിത്തിരയിലെത്തിയ അവസാന ചിത്രം.

Read more: ‘എന്റെ എല്ലാ ദുര്‍ബലമായ അവസ്ഥകളിലും എന്നെ കണ്ടിട്ടുള്ള ഒരേയൊരാള്‍ അവളാണ്’ സുപ്രിയയെക്കുറിച്ച് ഉള്ളു തൊടുന്ന വാക്കുകളുമായി പൃഥ്വിരാജ്: വീഡിയോ

അതേസമയം നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും വെള്ളിത്തിരയില്‍ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയും പുതിയ ചിത്രത്തിനുണ്ട്. 2005- ല്‍ പുറത്തിറങ്ങിയ ‘മകള്‍ക്ക്’ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. ‘മണിച്ചിത്രത്താഴ്’, ‘സിന്ദൂരരേഖ’, ‘ഇന്നലെ’, ‘കമ്മീഷ്ണര്‍’ തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.