‘സൈക്കിൾ ഇതുവരെ നന്നാക്കി തന്നിട്ടില്ല, സാർ ഇതൊന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം’; പരാതി നൽകി പത്തുവയസുകാരൻ, കേസെടുത്ത് പോലീസ്
തലവാചകം വായിച്ച് അത്ഭുതപ്പെടേണ്ട.. ! സംഗതി സത്യമാണ്. നന്നാക്കാൻ കൊടുത്ത സൈക്കിൾ തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് പത്ത് വയസുകാരനായ ആബിൻ എന്ന വിദ്യാർത്ഥി പോലീസിന് നൽകിയ പരാതിയുടെ പതിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
കഴിഞ്ഞ സെപ്തംബർ അഞ്ചാം തീയതിയാണ് ആബിൻ സൈക്കിൾ നന്നാക്കാൻ കൊടുത്തത്. എന്നാൽ ഇതുവരെ സൈക്കിൾ നന്നാക്കി കിട്ടിയില്ല, ഇത് കാണിച്ചാണ് കുട്ടി പോലീസിന് പരാതി നൽകിയത്. സൈക്കിൾ നന്നാക്കാൻ കൊടുത്തപ്പോൾ 200 രൂപ കൊടുത്തതാണ്, എന്നാൽ ഇതുവരെ അവരുടെ ഭാഗത്തുനിന്നും ഒരു മറുപടിയും ഇല്ല. അതിനാൽ പോലീസ് ഇടപെട്ട് സൈക്കിൾ വാങ്ങിത്തരണമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ബുക്കിൽ നിന്നും പറിച്ചെടുത്ത പേപ്പറിൽ എഴുതിയിരിക്കുന്ന കുട്ടിയുടെ കത്തിൽ ആവശ്യപ്പെട്ടതു പ്രകാരം പോലീസ് സൈക്കിൾ റിപ്പയറുടെ കടയിൽ എത്തുകയും കുട്ടി നൽകിയ പരാതി അന്വേഷിക്കുകയും ചെയ്തു. എന്നാൽ മകളുടെ കല്യാണം ആയതിനാലാണ് സൈക്കിൾ നന്നാക്കാൻ സാധിക്കാതിരുന്നതെന്നും അടുത്ത വ്യാഴാഴ്ചക്കുള്ളിൽ നന്നാക്കി നൽകാമെന്നും കടയുടമ പോലീസിന് വാക്ക് നൽകിയിരുന്നു. എന്നാൽ കടയുടമ സൈക്കിൾ നന്നാക്കി ആബിറിന് തിരികെ നൽകിയെന്നാണ് കേരള പോലീസ് ഇപ്പോൾ അറിയിക്കുന്നത്.
ആബിന്റെ കത്തിന്റെ പൂർണരൂപം വായിക്കാം:
മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്.ഐക്ക് സർ,
എന്റെയും അനിയന്റെയും സൈക്കിള്‍ സെപ്റ്റംബര്‍ അഞ്ചാം തിയതി കൊടുത്തതാണ്. ഇത് വരെയും നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങി വെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാൽ അടച്ചിട്ടുണ്ടാകും. വീട്ടിൽ വേറെ ആരും ഇല്ല പോയി അന്വേഷിക്കാൻ. അതുകൊണ്ട് സാർ ഇത് ഒന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം.
എന്ന് ആബിൻ…