ക്രിസ്മസിന് കൊടിയേറാൻ ഒരുങ്ങി ‘തൃശ്ശൂർ പൂരം’
ജന്മം കൊണ്ട് തൃശ്ശൂർ കാരനല്ലെങ്കിലും കർമ്മം കൊണ്ട് തൃശൂരൂകാരനായ ജയസൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് തൃശ്ശൂർ പൂരം. തൃശ്ശൂരിന്റെ കഥപറയുന്ന ഏറ്റവും പുതിയ ചിത്രം അനൗൺസ് ചെയ്തതുമുതൽ സിനിമാപ്രേമികൾ ഏറെ ആവേശത്തിലാണ്. ചിത്രീകരണം പൂർത്തിയായ സിനിമ ക്രിസ്മസിനോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തും. 75 ദിവസങ്ങൾകൊണ്ടാണ് സിനിമ പൂർത്തിയായത്.
വിജയ് ബാബു- ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് തൃശ്ശൂർ പൂരം. ചിത്രത്തിന്റെ ലോഞ്ചിങ് പൂരപ്പറമ്പിൽ വെച്ചുതന്നെയാണ് നടന്നത് എന്നതാണ് ഇതിന്റെ പ്രത്യേകത. ജയസൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് രാജേഷ് മോഹനാണ്.
തൃശൂർ പൂരത്തിന്റെ എല്ലാ ഭാവങ്ങളും പറയുന്ന ചിത്രമാണ് ‘തൃശൂർ പൂരം’. സംഗീത സംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
തൃശ്ശൂരിന്റെ വികാരം കൂടിയായ പൂരക്കാഴ്ചകൾക്ക് ആവേശം ഏറെയാണ്. ആനച്ചമയങ്ങളും കുടമാറ്റവും തൃശ്ശൂർ നഗരത്തിലെ വാദ്യമേളവും വെടിക്കെട്ടുമൊക്കെ പൂരത്തിന് ഏറെ ആവേശം പകരാറുണ്ട്. തൃശ്ശൂർ പൂരത്തിന്റ ഏറ്റവും ശ്രദ്ധേയവും ആകര്‍ഷണീയവുമായ ചടങ്ങുകളും ചിത്രത്തിൽ ഉണ്ടാകും.
ആട്, പുണ്യാളൻ അഗർബത്തീസ് എന്നീ ചിത്രങ്ങളിലും തൃശ്ശൂരുകാരനാണ് ജയസൂര്യ എത്തിയത്. അതേസമയം ജയസൂര്യയ്ക്ക് ഒപ്പമുള്ള ഫ്രൈഡേ ഫിലിം ഹൗസിന്റെ നാലാമത്തെ ചിത്രമാണ് തൃശ്ശൂർ പൂരം.
അതേസമയം ജയസൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രമാണ് മെട്രോമാന് ഇ ശ്രീധരന്റെ ജീവിതം പറയുന്ന ചിത്രം. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ തുടങ്ങുമെന്നാണ് സൂചന.