‘പെണ്ണിനെ പെണ്ണ് കാക്കുന്ന ദിവസം വരുന്നു’; ശ്രദ്ധനേടി ‘ഉൾട്ട’യുടെ ട്രെയ്‌ലർ

November 1, 2019

കുറഞ്ഞ കാലയളവുകൊണ്ടു തന്നെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഉള്‍ട്ട’. പേരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ‘ഉള്‍ട്ട’ എന്ന സിനിമ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ്  അണിയറപ്രവർത്തകർ. നടൻ മോഹൻലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പങ്കുവച്ചത്. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

അനുശ്രീയും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും നേരത്തെ  പുറത്തിറങ്ങിയിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ പി എ സി ലളിത, മഞ്ജു മറിമായം, തെസ്‌നി ഖാന്‍, ആര്യ, സുരഭി എന്നിവരും ഉള്‍ട്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read also: അറിയാമോ ഈ കൊച്ചുസുന്ദരിമാരെ; ബാല്യകാല ചിത്രം പങ്കുവച്ച് താരം

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഉള്‍ട്ട ‘അച്ഛനെയാണ് എനിക്കിഷ്ടം’, ‘നാടന്‍പെണ്ണും നാട്ടുപ്രമാണിയും’, ‘ദീപ സ്തംഭം മഹാശ്ചര്യം’, ‘കോളേജ് കുമാരന്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സുരേഷ് പൊതുവാള്‍ തന്നെയാണ് ഉള്‍ട്ടയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. സിപ്പി ക്രീയേറ്റീവിന്റെ ബാനറില്‍ സുഭാഷ് സിപ്പിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.