’24 മണിക്കൂറിനപ്പുറം നിന്റെ സ്വപ്നങ്ങൾക്ക് ആയുസില്ല’; ശ്രദ്ധനേടി ‘വാർത്തകൾ ഇതുവരെ’ ടീസർ

November 20, 2019

നവാഗതനായ മനോജ് നായര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘വാര്‍ത്തകള്‍ ഇതുവരെ’. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇത്. സിജു വില്‍സണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിനയ് ഫോർട്ടും അഭിരാമി ഭാർഗവനും മുഖ്യകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൽ പോലീസ് ഓഫീസറായാണ് സിജു വിൽസണും വിനയ് ഫോർട്ടും വേഷമിടുന്നത്. നെടുമുടി വേണു, നന്ദു, മാമുക്കോയ, സൈജു കുറുപ്പ്, അലന്‍സിയര്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസർ.

എല്‍ദോ ഐസക് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റ്, പി എസ് ജി എന്റര്‍ടെയ്‌മെന്റ്‌സ് എന്നിവയുടെ ബാനറില്‍ ബിജു തോമസ്, ജിബി പാറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ‘വാര്‍ത്തകള്‍ ഇതുവരെ’ എന്ന സിനിമയുടെ നിര്‍മാണം.

Read also: ‘നക്ഷത്രം മിന്നിത്തുടങ്ങി…’, ഹരിശങ്കറിന്റെ ആലാപനത്തിൽ ഒരു മനോഹരഗാനം; വീഡിയോ 

അതേസമയം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനവും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ‘കേള്‍ക്കാം തകിലടികള്‍…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പി ജയചന്ദ്രനാണ്. കൈതപ്രം ദാമോദരന്റേതാണ് ഗാനത്തിലെ വരികള്‍. മെജോ ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്നു. ചിത്രം നവംബറിൽ തിയേറ്ററുകളിൽ എത്തും.