പഠിപ്പിച്ചത് യുവരാജ്; പഞ്ചാബി പറഞ്ഞ് വെസ്റ്റിന്‍ഡീസ് താരം: വീഡിയോ

November 20, 2019

കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്‍ക്കൊപ്പം പലപ്പോഴും കായിക താരങ്ങള്‍ക്കിടയിലെ സൗഹൃദ കാഴ്ചകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. യുവരാജ് സിങും വെസ്റ്റിന്‍ഡീസ് താരമായ ചാഡ്വിക് വാള്‍ട്ടനുമൊന്നിച്ചുള്ള രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. യുവരാജ് സഹതാരത്തെക്കൊണ്ട് പഞ്ചാബി പറയിപ്പിക്കുന്നതാണ് ഈ വീഡിയോയില്‍. യുവരാജ് സിങ് ആണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

അബുദാബി ടി10 ക്രിക്കറ്റ് ലീഗിന്റെ ഇടവേളയിലാണ് യുവരാജ് സിങ് സഹതാരത്തെ പഞ്ചാബി പഠിപ്പിച്ചത്. ചാഡ്വിക് വാള്‍ട്ടന്‍ പഞ്ചാബി പറയാന്‍ ശ്രമിക്കുന്നതും പിന്നീട് പൊട്ടിച്ചിരിക്കുന്നതുമൊക്കെയാണ് വീഡിയോയില്‍. ‘നല്ല പഞ്ചാബി ബ്രോ’ എന്ന ക്യാപ്‌ഷനോടെയാണ് ഈ വീഡിയോ യുവരാജ് സിങ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

അബുദാബി ടി10 ക്രിക്കറ്റ് ലീഗില്‍ മറാത്ത അറേബ്യന്‍സ് ടീമിലാണ് യുവരാജ്. മികച്ച പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നതും. ഗ്രൂപ്പ് ബിയില്‍ ഒന്നാമതാണ് മറാത്ത അറേബ്യന്‍സ്. അതേസമയം ഈ വര്‍ഷം ജൂണിലാണ് യുവരാജ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. ബിസിസിഐയില്‍ നിന്നും പ്രത്യേക അനുമതി നേടിയാണ് താരം വിദേശ ലീഗുകളില്‍ കളിയ്ക്കുന്നത്.

 

View this post on Instagram

 

Nice punjabi bro @chadwick59 ???? ???? oh chal yaar chaliye???

A post shared by Yuvraj Singh (@yuvisofficial) on

2000 മുതല്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമാണ് യുവരാജ് സിങ്. 2003-ല്‍ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഇതിനോടകം തന്നെ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി 20 മത്സരങ്ങളും യുവരാജ് സിങ് കളിച്ചിട്ടുണ്ട്. 2000-ല്‍ നയ്‌റോബിയില്‍ കെനിയയ്‌ക്കെതിരെ നടന്ന ഏകദിന മത്സരത്തിലൂടെയായിരുന്നു യുവരാജ് സിങിന്റെ രാജ്യാന്തര ക്രിക്കറ്റ് അരങ്ങേറ്റം. 2017-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് താരം അവസാന ഏകദിനം കളിച്ചത്.

യുവി എന്നാണ് ആരാധകര്‍ യുവരാജ് സിങിനെ വിളിക്കുന്നത്. 2007-ലെ ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സ് അടിച്ചെടുത്ത യുവിയുടെ പ്രകടനം ഇന്നും ആരാധകര്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്നു. 2011-ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് നേടുമ്പോഴും യുവിയുടെ പ്രകടനം ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് കരുത്തേകി.