പാടത്ത് കൃഷിക്കിടയില്‍ പാട്ട്; ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ ‘പോപ് ഗായകനെ’ വരവേറ്റ് സമൂഹമാധ്യമങ്ങള്‍
ആരാലും അറിയപ്പെടാതിരുന്ന കലാകാരന്മാര്ക്ക് ഇക്കാലത്ത് അവസരങ്ങളുടെ പുത്തന്‍ വാതായനങ്ങള്‍ തുറക്കുന്നുണ്ട് സമൂഹമാധ്യമങ്ങള്‍. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ കൈയടി നേടുകയാണ് ഒരു കലാകാരന്. വെറും കലാകാരനല്ല, നല്ല അസ്സല് പോപ് ഗായകന് എന്നുതന്നെ വേണം ഇദ്ദേഹത്തെ വിളിക്കാന്‍. ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ് വയലില്‍ പണിയെടുക്കുന്നതിനിടെയാണ് തകര്‍പ്പന്‍ പാട്ടുപാടി ഈ കര്ഷകന് അത്ഭുതപ്പെടുത്തുന്നത്.
പ്രശസ്ത പോപ് ഗായകന് ജസ്റ്റിന് ബീബറിന്റെ ‘ബേബി’ എന്ന ഗാനമാണ് അതിനോഹരമായി ഈ കര്ഷകന് ആലപിച്ചിരിക്കുന്നത്. സംഗീത പ്രേമികളെ ഒന്നാകെ അമ്പരപ്പിക്കുന്നതാണ് കര്‍ണാടകയിലെ കര്‍ഷകന്റെ ഈ പ്രകടനം. മൂന്നു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്തായാലും നിറഞ്ഞ കൈയടികളോടെയാണ് കര്‍ഷകനായ ഈ പോപ് ഗായകന്റെ പാട്ട് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നതും.
പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കര്‍ഷകന്റെ സമീപത്ത് കുറച്ചു പേരെത്തി, ഒരു പാട്ട് പാടാമോ എന്ന് ചോദിക്കുകയായിരുന്നു. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് പാട്ട് പാടാന്‍ തയ്യാറാകുകയായിരുന്നു കര്ഷകന്. മൊബൈല്‍ ഫോണില്‍ ബേബി ഗാനത്തിന്റെ മ്യൂസിക്ക് വെച്ചതിനു ശേഷം തന്റേതായ ശൈലിയിലാണ് കര്ഷകന് പാടുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ കര്‍ഷകനും അദ്ദേഹത്തിന്റെ പോപ് ഗാനവും. ജസ്റ്റിന് ബീബറിന്റെ എക്കാലത്തെയും സാപ്പര്ഹിറ്റ് ഗാനങ്ങളില്‍ ഒന്നാണ് ബേബി ഗാനം. 2009 -ലാണ് ബേബി ഗാനം പുറത്തിറങ്ങിയത്.