സസ്പെന്‍സ് നിറച്ച് ‘അഞ്ചാം പാതിരാ’ ട്രെയ്ലര്: വീഡിയോ
‘ഇന്ന് രാത്രി നിങ്ങള്‍ ശരിക്കും ഉറങ്ങിക്കോളൂ സീസര്‍… ഉടന്‍ തന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും… മറ്റാര്‍ക്കും വേല ചെയ്യാന്‍ പറ്റാത്ത, അവര്‍ മാത്രം വേല ചെയ്യുന്ന ആ രാത്രി ദിനങ്ങള്‍ വരികയാണ്… നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍ വരികയാണ്…’ പ്രേക്ഷകരിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുകയാണ് ഇരുട്ടിന്റെ മറവില്‍ നിന്നും കേള്‍ക്കുന്ന ഈ ഡയലോഗ്. അഞ്ചാം പാതിരാ എന്ന ചിത്രത്തിലെ ട്രെയ്ലറിലേതാണ് ഈ വാചകങ്ങള്‍. പ്രേക്ഷകരില്‍ ആകംക്ഷ നിറച്ചുകൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തിയിരിക്കുന്നത്. കുഞ്ചാക്കോ ബോബന് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. മിഥുന് മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
മികച്ച ഒരു കുറ്റാന്വേഷണ സിനിമയാണ് അഞ്ചാം പാതിര. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും ഇത് ശരിവയ്ക്കുന്നു. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പറയാതെ പറഞ്ഞു പോകുന്നുണ്ട് ട്രെയ്ലറില്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ചിത്രത്തിന്റെ ട്രെയ്ലര് ഇടം നേടി. പ്രേക്ഷകരെ ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കുന്ന തരത്തിലുള്ളതാണ് ട്രെയ്ലറിലെ ഓരോ രംഗങ്ങളും.
അന്‍വര്‍ ഹുസൈന് എന്നാണ് അഞ്ചാം പാതിരായില്‍ കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ക്രിമിനോളജിസ്റ് ആണ് ഈ കഥാപാത്രം. ഒരു ഇന്‍ ആന്‍ഡ് ഔട്ട് പോലീസ് ഫിക്ഷന്‍ ആയിരിക്കും അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബനു പുറമെ, ഉണ്ണിമായ, ഇന്ദ്രന്‍സ്, രമ്യ നമ്പീശന്, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്, ജിനു ജോസഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന ഖഥാപാത്രങ്ങളായെത്തുന്നു. ആഷിഖ് ഉസ്മാനാണ് അഞ്ചാം പാതിരായുടെ നിര്‍മാണം നിര്‍വഹിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സുഷിന് ശ്യാം ആണ് സംഗീതമൊരുക്കുന്നത്.