മാറേണ്ടത് മനുഷ്യന്റെ മനസാണ്, നിയമ വ്യവസ്ഥിതിയല്ല- വേറിട്ട പ്രമേയവുമായി ശ്രദ്ധനേടി ഹ്രസ്വചിത്രം ‘354’

December 27, 2019

സ്ത്രീകളോടുള്ള അതിക്രമങ്ങൾ നാൾതോറും വർധിച്ച് വരികയാണ്. പണവും വസ്ത്രവും പദവിയും ഒന്നുമല്ല ഇത്തരം ലൈംഗീകാതിക്രമങ്ങൾക്ക് പിന്നിലെ ഘടകം. ഏതു പെണ്ണും ഒറ്റക്കാകുന്ന നിമിഷം അവസരമായി കരുതുന്ന ആളുകൾ കൂടുകയാണ് സമൂഹത്തിൽ.

ഇതിനെതിരെ പ്രതിഷേധങ്ങൾ പല രീതിയിൽ നടക്കുന്നുണ്ട്. ലൈംഗീക ചൂഷണത്തിനോടുള്ള വ്യത്യസ്തമായൊരു ചെറുത്തുനിൽപ്പ് ചർച്ച ചെയ്ത ഒരു ഹ്രസ്വ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ച. ‘354’ എന്നാണ് ചിത്രത്തിന്റെ പേര്.

വ്യത്യസ്തമായൊരു പ്രതിരോധമാണ് ഈ ഹ്രസ്വ ചിത്രം പങ്കു വയ്ക്കുന്നത്. കുഞ്ഞുമായി വഴിയോരക്കച്ചവടം നടത്തുന്ന ഒരു നാടോടി സ്ത്രീ നേരിടേണ്ടി വരുന്ന ലൈംഗീക ചൂഷണങ്ങളും അതിനെതിരെയുള്ള അവരുടെ വേറിട്ടൊരു പ്രതിരോധവുമാണ് ഈ ഹ്രസ്വ ചിത്രം പറയുന്നത്.

വിഷ്ണു മുരളീധരൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത 354 വിഷയത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ പുരസ്കാരങ്ങളും സ്വന്തമാക്കിയതാണ്. മൂന്നാമത് സത്യജിത് റേ ഷോർട്ട് ഫിലിം ആൻഡ് ഡോക്യൂമെന്ററിയിയിൽ മികച്ച ഹ്രസ്വ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ‘354’ ആണ്. മികച്ച നടിക്കുള്ള പുരസ്‌കാരം 354 ലെ അഭിനയത്തിലൂടെ അതിഥി മോഹനും സ്വന്തമാക്കി. ദിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ഒരുങ്ങിയ ഹ്രസ്വ ചിത്രം നിർമിച്ചിരിക്കുന്നത് സൽജിത്ത് എൻ എം ആണ്.