കരളിന്റെ ആരോഗ്യത്തിന് ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം
മനുഷ്യ ശരീരത്തിലെ ഓരോ അവയവങ്ങളും പ്രധാനപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ ഓരോ അവയവത്തെയും സംരക്ഷിക്കേണ്ടതുണ്ട്. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരളിന്റെ ആരോഗ്യ കാര്യത്തിലും വേണം കരുതല്‍. മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍. കരളിന്റെ ആരോഗ്യം മോശമായാല്‍ അത് ശരീരത്തെ ആകാമാനം ബാധിക്കും. അതുകൊണ്ടുതന്നെ കരളിന്റെ ആരോഗ്യം എപ്പോഴും സംരക്ഷിക്കേണ്ടതുണ്ട്.
ഭക്ഷണകാര്യത്തിലും ജീവിത ശൈലിയിലും ശ്രദ്ധിച്ചാല്‍ കരളിന്‍റെ ആരോഗ്യത്തെ ഒരു പരിധി വരെ സംരക്ഷിക്കാന്‍ സാധിക്കും. കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില ഭക്ഷണ സാധനങ്ങളെ പരിചയപ്പെടാം.
Read more:ഹൃദയംതൊട്ട് ‘മൈ സാന്റ’യിലെ വീഡിയോ ഗാനം
കരള്‍ രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. ഫൈബര്‍ ധാരാളമടങ്ങിയിട്ടുണ്ട് ഓട്‌സില്‍. ഭാരം കുറയ്ക്കാനും ഓട്‌സ് സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഓട്‌സ് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കരളിന്റെ ആരോഗ്യത്തിനും നല്ലതാണ്. ജീവകം ഇ ധാരാളമായി അടങ്ങിയിട്ടുള്ള ബദാമും കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു. ഫാറ്റി ലിവര്‍ സിന്‍ഡ്രോമിനെ ചെറുക്കാന്‍ ബദാം സഹായിക്കുന്നു.
അതുപോലെതന്നെ വെള്ളം ധാരാളം കുടിയ്ക്കുന്നതും കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം കുടിയ്ക്കണം. അതേസമയം കൃത്രിമ ഡ്രിങ്കുകള്‍ കുടിയ്ക്കുന്നത് കരളിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. എന്നാല്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഗ്രീന്‍ ടിയും കരളിന്റെ ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്.
അതേസമയം വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ജങ്ക് ഫുഡ്‌സും കരളിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. മദ്യവും കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ലിവര്‍ സിറോസിസ് രോഗമുണ്ടാകാനുള്ള പ്രധാന കാരണവും മദ്യമാണ്. കൂടാതെ ഉപ്പും മധുരവും അധികം കഴിയ്ക്കുന്നതും കരളിന് ഗുണം ചെയ്യില്ല.