പുതുവർഷം കളർഫുള്ളാക്കാൻ ‘ധമാക്ക’യുമായി ഒമർ ലുലു; ജനുവരി രണ്ടിന് തിയേറ്ററുകളിലേക്ക്

ഒരു അഡാർ ലൗവിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക്. 2020 ലെ ആദ്യ ചിത്രമായാണ് ധമാക്ക തിയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രം പരാജയപ്പെടും എന്ന വിശ്വാസം പരക്കെ സിനിമ പ്രവർത്തകർക്കിടയിൽ നിലനിൽക്കെയാണ് ജനുവരി രണ്ടിന് തന്നെ ഒമർ ലുലു സിനിമ റിലീസ് ഒരുക്കുന്നത്.
അതിന് ഒമർ ലുലു തന്നെ വിശദീകരണം നൽകുന്നുമുണ്ട്. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ജനുവരിമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച ഇറങ്ങുന്ന സിനിമ പരാജയപ്പെടുമോ?
വിതരണക്കാർ, പോസ്റ്റർ ഒട്ടിക്കുന്നവർ മുതൽ ഓൺലൈൻ സുഹൃത്തുക്കൾ വരെ ഇതുതന്നെയാണ് ഞങ്ങളോടും പറഞ്ഞുകൊണ്ടിരിക്കുന്നത്. ജനുവരിമാസം ആദ്യമിറങ്ങുന്ന സിനിമ പരാജയപ്പെടുമെന്ന്. രണ്ടാമത്തെ ആഴ്ച ദർബാറിനൊപ്പം ഇറക്കിയാലും കുഴപ്പമില്ല, ജനുവരി ആദ്യത്തെ വെള്ളിയാഴ്ച പുറത്തിറക്കരുതെന്ന്..!! അങ്ങനെ ചിന്തിക്കുന്നവരോട് പറയാനുള്ളത്: സിനിമകളുടെ വിജയം ആശ്രയിച്ചിരിക്കുന്നത് ഏതെങ്കിലുമൊരു ദിവസം റിലീസ് ചെയ്തു എന്നതിലല്ല. അത്തരം അന്ധവിശ്വാസങ്ങളൊന്നും എനിക്കില്ല. സിനിമ നല്ലതാണെങ്കിൽ, ടിക്കറ്റെടുത്ത് തിയറ്ററിൽ കയറുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിൽ ആ സിനിമ വിജയിക്കും. ധമാക്ക ജനുവരി രണ്ടിനു തന്നെ റിലീസ് ചെയ്യും.
Read More:ഇസഹാക്കിനൊപ്പമുള്ള ആദ്യ ക്രിസ്മസ് ഗംഭീരമാക്കി കുഞ്ചാക്കോ ബോബനും പ്രിയയും
അരുണും നിക്കി ഗിൽറാണിയും നായികാനായകന്മാരാകുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ വേണു.ഓ.വി, കിരണ്‍ ലാല്‍ എന്നിവരാണ്. ഉർവശി, മുകേഷ് , ധർമജൻ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിലുണ്ട്.