ബാൻഡേജ് ഷൂസാക്കി; ഓട്ടമത്സരത്തിൽ മിന്നുന്ന വിജയവുമായി റിയ

December 17, 2019

വിജയകൊടുമുടികേറി ലോകത്തിന്റെ നെറുകയിൽ എത്തിയ പല പ്രമുഖന്മാരുടെയും വിജയത്തിന് പിന്നിൽ വലിയ കഷ്ടപ്പാടിന്റെയും വേദനയുടേയുമൊക്കെ കഥകൾ ഉണ്ടാകും. ഇപ്പോഴിതാ ഓട്ടമത്സരത്തിൽ ബാൻഡേജ് ഷൂസാക്കി മാറ്റി മികച്ച വിജയം നേടിയ ഒരു കൊച്ചുമിടുക്കിയാണ് സമൂഹമാധ്യമങ്ങളിൽ ഇടംനേടുന്നത്.

കഴിഞ്ഞ ദിവസം ഫിലിപ്പീൻസിലെ ഇലോയ്‌ലോ സ്കൂൾസ് സ്പോർട്സ് കൗൺസിൽ മീറ്റിലാണ് റിയ ബുല്ലേസ എന്ന പെൺകുട്ടി മികച്ച വിജയം നേടിയത്.

സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന റിയയ്ക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിനായി മറ്റ് കുട്ടികളെപ്പോലെ ഷൂ ഉണ്ടായിരുന്നില്ല. എന്നാൽ തോൽക്കാൻ മനസില്ലാതിരുന്ന ഈ കൊച്ചുമിടുക്കി ബാൻഡേജ്‌ കാലിൽ ഷൂ പോലെ ചുറ്റികെട്ടി മത്സരത്തിൽ പങ്കെടുക്കുകയായിരുന്നു. 400 മീറ്റർ, 800 മീറ്റർ, 1500 മീറ്റർ മത്സരയിനങ്ങളിൽ പങ്കെടുത്ത റിയ മൂന്ന് ഇനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Read also: ആഘോഷത്തിമിര്‍പ്പില്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘ഫ്ളവേഴ്‌സ് ന്യു ഇയര്‍ ബ്ലാസ്റ്റ്’, ഡിസംബര്‍ 28 ന്

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയുടെ ചിത്രം പരിശീലകൻ പ്രെഡിറിക് വലൻസുവേലയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇപ്പോഴിതാ നിരവധി പേരാണ് ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

റിയയുടെ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി ആളുകളാണ് ഈ കൊച്ചുമിടുക്കിയ്ക്ക് ഷൂ വാഗ്ദാനം ചെയ്തുകൊണ്ട് എത്തിയത്. ഷൂവിനൊപ്പം സ്പോർട്സ് ബാഗും വസ്ത്രങ്ങളുമെല്ലാം സമ്മാനമായും നിരവധി ആളുകൾ നൽകി.