പൗരത്വ നിയമ ഭേദഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ‘ഹലാല്‍ ലവ് സ്റ്റോറി’ ടീം

December 20, 2019

നാടെങ്ങും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമാകുകയാണ്. തികച്ചും വ്യത്യസ്തമായൊരു പ്രതിഷേധം നടത്തിയിരിക്കുകയാണ് ‘ഹലാല്‍ ലവ് സ്‌റ്റോറി’ എന്ന സിനിമാ സംഘം. സിനിമയുടെ സംവിധായകന്‍ സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തില്‍ മുഹ്‌സിന്‍ പരാരി, ആഷിഖ് അബു, ഷഹബാസ് അമന്‍, ഗ്രേസ് ആന്റണി തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രതിഷേധ സൂചകമായി ഗായകന്‍ ഷഹബാസ് അമന്റെ നേതൃത്വത്തില്‍ പോരാട്ട ഗാനവും ആലപിച്ചു. സിനിമയുടെ ചിത്രീകരണത്തിന്റെ അവസാനത്തോട് അനുബന്ധിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

Read more: ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെ ജിങ്കിള്‍ ബെല്‍സ്; മനോഹരം ഈ വീഡിയോ

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കരിയ മുഹമ്മദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഹലാല്‍ ലവ് സ്‌റ്റോറി’. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ മുഹ്‌സിന്‍ പരാരിയും സംവിധായകന്‍ സക്കരിയ മുഹമ്മദും ചേര്‍ന്നാണ് ‘ഹലാല്‍ ലവ് സ്റ്റോറി’ എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വഹിക്കുന്നു.

അതേസമയം പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും സക്കരിയ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സുഡാനി ഫ്രം നൈജീരിയ ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയ നേടിയത്.

https://www.facebook.com/halallovestory/videos/1482472978574855/?t=5