രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു കപ്പ് ചായ, അത് ഈ കുതിരക്ക് നിര്‍ബന്ധമാ…; വൈറലായി കുതിരയുടെ ചായകുടി

December 8, 2019

രസകരവും കൗതുകം നിറഞ്ഞതുമായ ചില വീഡിയോകള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട് ഇക്കാലത്ത്. മനുഷ്യര്‍ മാത്രമല്ല, പക്ഷികളും മൃഗങ്ങളുമൊക്കെ ഇത്തരത്തില്‍ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. പാട്ടു പാടുന്ന തത്തമ്മയും നഖം വെട്ടാതിരിക്കാന്‍ തലകറങ്ങി വീഴുന്നതായി അഭിനയിച്ച നായയുമെല്ലാം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഒരു കുതിരയാണ് സോഷ്യല്‍മീഡിയയിലെ താരം.

‘രാവിലെ എഴുന്നേറ്റാല്‍ എനിക്കൊരു ചായ നിര്‍ബന്ധമാ…’ ഈ ഡയലോഗ് പറയുന്ന പലരും നമുക്കിടയിലുണ്ട്. എന്നാല്‍ മനുഷ്യന്‍മാര്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള ശീലങ്ങളുള്ളത് എന്ന് പറയാന്‍ വരട്ടെ. രാവിലെ എഴുന്നേറ്റാല്‍ ഒരു കപ്പ് ചായ നിര്‍ബന്ധമാക്കിയ ഒരു കുതിരയുമുണ്ട്. ജെയ്ക് എന്നാണ് ഈ കുതിരയുടെ പേര്. ഇംഗ്ലണ്ടില്‍ പോലീസ് സേനയ്‌ക്കൊപ്പമാണ് ജെയ്ക്കിന്റെ ജോലി.

Read more:എല്ലാ വേദനകളെയും അതിജീവിച്ച സ്ത്രീയുടെ ഉള്‍ക്കരുത്തുമായി ‘സ്റ്റാന്‍ഡ് അപ്പ്’-ലെ ഗാനം

പതിനഞ്ച് വര്‍ഷത്തോളമായി ജെയ്ക് ചായകുടി ശീലമാക്കിയിട്ട്. രാവിലെ ഷിഫ്റ്റ് ആരംഭിക്കുമ്പോള്‍ സവാരിക്കായി ജെയ്ക്കിന്റെ അരികിലെത്തുന്നവര്‍ ഒരു സിപ് ചായ ജെയ്ക്കിനും കൊടുത്തു തുടങ്ങി. മെല്ലെ മെല്ലെ ജെയ്ക് ഇത് ശീലമാക്കി. രാവിലെ ചായ കിട്ടി ഇല്ലെങ്കില്‍ ജെയ്ക് മടിപിടിച്ച് അങ്ങനെ കിടക്കും. എന്നാല്‍ ഒരു കപ്പ് ചായ കിട്ടിയാലോ അതു കുടിച്ച് ഉഷാറായി ജോലിയില്‍ പ്രവേശിക്കും.