കൊടുങ്കാറ്റായ് ഹെറ്റ്‌മയര്‍; ഇന്ത്യയെ വീഴ്ത്തി വിന്‍ഡീസ്
ഇന്ത്യ- വെസ്റ്റ്ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. എട്ട് വിക്കറ്റിനാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയ്‌ക്കെതിരെ വിജയനേട്ടം കൊയ്തത്. 289 റണ്‍സായിരുന്നു ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം. എന്നാല്‍ ഷിമ്രോണ്‍ ഹെറ്റ്‌മയറുടെയും ഷായ് ഹോപ്പിന്റെയും സെഞ്ചുറികളുടെ മികവില്‍ 47.5 ഓവറില്‍ വിന്‍ഡീസ് ലക്ഷ്യം മറികടന്നു. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 50 ഓവറില്‍ 288 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 47.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് വിന്‍ഡീസ് നേടി.
ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും മികവ് പുലര്‍ത്താന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചു. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തിനു മുമ്പില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് കളിക്കളത്തില്‍ കൊടുങ്കാറ്റായി മാറി. ഷായ് ഹോപ്പ്- ഷിമ്രോണ്‍ ഹെറ്റ്‌മയര്‍ കൂട്ടുകെട്ടാണ് ടീമിന് കരുത്ത് പകര്‍ന്നത്. ഈ കരുത്തില്‍ വീന്‍ഡീസ് വിജയം നേടുകയും ചെയ്തു.
106 പന്തുകളില്‍ നിന്നുമായി ഹെറ്റ്‌മയര്‍ 11 ഫോറും ഏഴ് സിക്‌സും അടക്കം 139 റണ്‍സാണ് നേടിയത്. 151 പന്തില്‍ നിന്നുമായി ഷായ് ഹോപ്പ് 102 റണ്‍സും നേടി. ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണിങ്ങില്‍ കാര്യമായ റണ്‍സ് നേടാന്‍ സാധിച്ചില്ല. ടീം സ്‌കോര്‍ 25- ല്‍ എത്തിയപ്പോഴേയ്ക്കും രാഹുലും കോലിയും കളം വിട്ടു. അതേസമയം മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ പരമ്പര സ്വന്തമാക്കണമെങ്കില്‍ വരുന്ന രണ്ട് മത്സരങ്ങളും ജയിക്കണമെന്ന സമ്മര്‍ദ്ദം ഇന്ത്യയ്ക്കുണ്ട്.