2019-ല്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ചില സുന്ദരഗാനങ്ങള്‍
ചില പാട്ടുകള്‍ അങ്ങനെയാണ്. ആര്‍ദ്രമായി പ്രേക്ഷക ഹൃദയങ്ങളിലേക്ക് പെയ്തിറങ്ങാറുണ്ട്. കാലാന്തരങ്ങള്‍ക്കും അപ്പുറം ഇത്തരം പാട്ടുകള്‍ ആസ്വദക മനസില്‍ ഒളി മങ്ങാതെ തെളിഞ്ഞു നില്‍ക്കുന്നു. 2019- ല്‍ ഒട്ടേറെ മികച്ച ചലച്ചിത്ര ഗാനങ്ങളാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചത്. പോയവര്‍ഷം ആസ്വാദകര്‍ നെഞ്ചിലേറ്റിയ ചില ഗാനങ്ങള്‍ പരിചയപ്പെടാം.
പവിഴ മഴയേ…
‘ദൂരെ ഒരു മഴവില്ലിന്‍ ഏഴാം വര്‍ണ്ണം പോല്‍…’ മലയാള മനസ്സുകളിലേക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങിയ ഗാനമാണ് ‘പവിഴ മഴയേ…’ ‘അതിരന്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഫഹദ് ഫാസിലും സായി പല്ലവിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ആസ്വാദകന്റെ കണ്ണിനും കാതിനുമൊപ്പം മനസും നിറയ്ക്കുന്നതാണ് ഈ ഗാനം. ‘ക്യൂട്ട്‌നെസ് ഓവര്‍ലോഡെഡ്’ എന്നാണ് ഗാനത്തിന് പ്രേക്ഷകര്‍ നല്‍കുന്ന കമന്റ്. സായി പല്ലവിയും ഫഹദ് ഫാസിലുമാണ് ഗാനരംഗത്ത് നിറഞ്ഞു നില്‍ക്കുന്നതും. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. പി എസ് ജയ്ഹരി സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ഹരിശങ്കറിന്റെ ആലാപനമികവും ഗാനത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്.
പറയുവാന്‍ ഇതാദ്യമായി….
‘ഇഷ്‌ക്’ എന്ന ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായി.. എന്ന ഗാനം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചതാണ്. തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാമാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. ജെയ്ക്‌സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്നു. ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രമാണ് ‘ഇഷ്‌ക്’. നവാഗതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.
നീ മുകിലോ
പാര്‍വതി കേന്ദ്ര കഥാപാത്രമായെത്തിയ ‘ഉയരെ’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ആര്‍ദ്രമായ ഒരു പ്രണയ ഗാനമാണിത്. ആസിഫ് അലിയും പാര്‍വതിയുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. വിജയ് യേശുദാസും സിത്താരയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നവാഗതനായ മനു അശോകനാണ് ചിത്രത്തന്റെ സംവിധായകന്‍.
നീ ഹിമമഴയായ്….
ടൊവിനോ തോമസും സംയുക്താ മേനോനും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘എടക്കാട് ബറ്റാലിയന്‍ 06’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. കെ എസ് ഹരിശങ്കറും നിത്യയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കൈലാസ് മേനോന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘എടക്കാട് ബറ്റാലിയന്‍’.
ആരാധികേ….
ജോണ്‍പോള്‍ ജോര്‍ജ് രചനയും സംവിധാനവും നിര്‍വഹിച്ച ‘അമ്പിളി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. സൗബിന്‍ സാഹിറാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു.
ജാതിക്കാ തോട്ടം
‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ജാതിക്കാത്തോട്ടം എജ്ജാതി നിന്റെ നോട്ടം… എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സൗമ്യ രാമകൃഷ്ണനും സംഗീത സംവിധായകന്‍ ബിജിബാലിന്റെ മകന്‍ ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഹൈല്‍ കോയയുടേതാണ് ഗാനത്തിലെ വരികള്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം പകര്‍ന്നിരിക്കുന്നു. ഗിരീഷ് എഡി സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’.