മത്സരിച്ച് ചുവടുകള്‍വെച്ച് മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും; ശ്രദ്ധ നേടി പഴയകാല നൃത്തവീഡിയോ

December 11, 2019

പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുംപോലെയാണ് ചില മനോഹര ദൃശ്യങ്ങള്‍. അല്‍പം പഴയതാണെങ്കിലും ചില വീഡിയോകള്‍ കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു. ഇത്തരത്തില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ദിവ്യ ഉണ്ണിയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍.

ഒരേ കാലഘട്ടത്തില്‍ നായികമാരായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് മഞ്ജു വാര്യരും ദിവ്യ ഉണ്ണിയും. ഇരുവരും ഒരേ വേദിയില്‍ ഒന്നിച്ച് നൃത്തം ചെയ്യുന്ന ഒരു പഴയകാല വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ‘തൂവല്‍ക്കൊട്ടാരം’ എന്ന ചിത്രത്തിലെ പാര്‍വ്വതി മനോഹരി… എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നൃത്തം.

ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയതാണ് ദിവ്യ ഉണ്ണി. താരത്തിന്റെ നൃത്തവും ഏറെ ശ്രദ്ധേയമാണ്. ‘പ്രണയവര്‍ണ്ണങ്ങള്‍’ എന്ന ചിത്രത്തില്‍ താരം മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. വിവാഹശേഷം ചലച്ചിത്ര രംഗത്തു നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും നൃത്ത രംഗത്ത് സജീവമാണ് ദിവ്യ ഉണ്ണി.

അതേസമയം 1995 -ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. മലയാള ചലച്ചിത്ര ആസ്വദകര്‍ക്ക് എക്കാലത്തും പ്രിയപ്പെട്ട താരമാണ് നടി മഞ്ജു വാര്യര്‍.

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ മെയ് മാസം തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി.

അതേസമയം ധനുഷ് നായകനായെത്തിയ ‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. വെട്രിമാരന്‍ ആണ് ‘അസുരന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. തിയേറ്ററുകളില്‍ മികച്ച പ്രതകരണമാണ് ‘അസുരന്‍’ നേടിയതും.