സെന്‍സറിങ് പൂര്‍ത്തിയായി; ‘മൈ സാന്റ’ ഡിസംബര്‍ 25 ന്
ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മൈ സാന്റ’. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കേറ്റ് നേടിയിരിക്കുന്ന ചിത്രം ഡിസംബര്‍ 25 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. സാന്താക്ളോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മൈ സാന്റ’. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അനുശ്രീയാണ് ചിത്രത്തിലെ നായിക. സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ധര്മ്മജന് ബോള്‍ഗാട്ടി, സായ്കുമാര്, ശശാങ്കന്, ധീരജ് രത്നം, മഞ്ജു പത്രോസ്, ബേബി മാനസ്വി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അതേസമയം ചിത്രത്തിന് വേണ്ടിയുള്ള ദിലീപിന്റെ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ നേരത്തെ ശ്രദ്ധേയമായിരുന്നു.
Read more: ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ച് മകന് അദ്വൈത്; ‘തൃശ്ശൂര്‍ പൂരം’ തിയേറ്ററുകളില്‍
ജെമിനി സിറിയക്ക് ആണ് ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. വാള് പോസ്റ്റര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് മൈ സാന്റയുടെ നിര്‍മാണം. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര് ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം ചിത്രത്തിലെ മനോഹരമായ ഒരു വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ‘വെള്ളിപ്പഞ്ഞി കോട്ടിട്ട്…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെതാണ് ഗാനത്തിലെ വരികള്‍. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഹന്ന റെജി ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹൃദ്യമായ ആലാപനം ഗാനത്തെ കൂടതല്‍ ആകര്‍ഷണീയമാക്കുന്നു. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്ക്കുന്നു.