മഞ്ഞിന്റെ പുതപ്പണിഞ്ഞ് ‘മൈ സാന്റ’യിലെ മനോഹര ഗാനം: വീഡിയോ

December 27, 2019

ക്രിസ്മസ് ദിനമായ ഡിസംബര്‍ 25 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘മൈ സാന്റ’. ദിലീപാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. സുഗീതാണ് ചിത്രത്തിന്റെ സംവിധായകന്‍. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നതും. മികച്ച ദൃശ്യാനുഭവമാണ് ‘മൈ സാന്റ’ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. അതേസമയം പാട്ട് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം.

‘ഓ ബുല്‍ബുല്‍ ബുലേമ…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യഭംഗിയിലും ഗാനം ഏറെ മികച്ചു നില്‍ക്കുന്നു. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. വിദ്യാസാഗര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കാര്‍ത്തിക്, ഹന്നാ റെജി എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മൈ സാന്റ’. സാന്റാ ക്ലോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘മൈ സാന്റ’. കുട്ടികള്‍ക്കും കുടുംബത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബേബി മാനസ്വി എന്ന ബാലതാരവും ചിത്രത്തില്‍ ദിലീപിനൊപ്പം നിറഞ്ഞു നില്‍ക്കുന്നു. ഏഴ് വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിക്ക് സാന്റായോടുള്ള അളവറ്റ സ്‌നേഹത്തിന്റെയും അവളുടെ സ്വപ്‌നങ്ങളുടെയും കഥയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനു പുറമെ രണ്ട് കുട്ടികള്‍ തമ്മിലുള്ള നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെയും കഥ പറയുന്നുണ്ട് ഈ ചിത്രം.

അനുശ്രീ, സണ്ണി വെയ്ന്‍, കലാഭവന്‍ ഷാജോണ്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ശശാങ്കന്‍, ധീരജ് രത്‌നം, മഞ്ജു പത്രോസ്, തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ജെമിനി സിറിയക്ക് ആണ് ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത്. വാള്‍ പോസ്റ്റര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് മൈ സാന്റയുടെ നിര്‍മാണം.