‘ഇനി തൈമൂറിനെ പാപ്പരാസികളിൽ നിന്നും രക്ഷിക്കാൻ വിരാടിനും അനുഷ്കക്കും മാത്രമേ സാധിക്കൂ’- കരീന കപൂർ

December 15, 2019

മാധ്യമ ശ്രദ്ധ ഏറ്റവുമധികം ലഭിച്ച താരപുത്രനാണ് തൈമൂർ അലി ഖാൻ പട്ടൗഡി. കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകൻ. ജനനം മുതൽ തന്നെ തൈമൂറിന് ക്യാമറകണ്ണുകളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. തുടക്കത്തിൽ ഭയന്നെങ്കിലും ഇന്ന് അത് തൈമൂറിന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. ഇങ്ങനെ പാപ്പരാസികളിൽ നിന്നും തൈമൂറിനെ രക്ഷിക്കാൻ ഇനി ഒരൊറ്റ വഴിയേ ഉള്ളെന്നു കണ്ടെത്തിയിരിക്കുകയാണ് കരീന കപൂറും സെയ്‌ഫിന്റെ അമ്മ ഷർമിള ടാഗോറും.

വിരാട് കോലിക്കും അനുഷ്ക ശർമയ്ക്കും ഒരു കുഞ്ഞുണ്ടായാലേ തൈമൂറിനെ പിന്തുടരുന്നത് പാപ്പരാസികൾ അവസാനിപ്പിക്കു എന്നാണ് ഷർമിളയുടെ കണ്ടെത്തൽ. അത് തന്നെയാണ് വഴിയെന്ന് കരീന കപൂറും പറയുന്നു.

‘കരീന ചാറ്റ് ഷോ’യിലാണ് ഷർമിള ഇക്കാര്യം വ്യക്തമാക്കിയത്. കരീനയുടെ ഷോയുടെ രണ്ടാം സീസൺ തുടക്കമിട്ടപ്പോൾ അതിഥിയായി എത്തിയത് ഷർമിള ടാഗോർ ആയിരുന്നു. ചാറ്റ് ഷോയിലാണ് തൈമൂറിനെ ഇങ്ങനെ ക്യാമറ കണ്ണുകൾ പിന്തുടരുന്നതിൽ ആശങ്കയുണ്ടെന്ന് ഷർമിള വ്യക്തമാക്കിയത്.

‘മാധ്യമങ്ങൾ ഒരാളെ വളർത്തുകയും വലിച്ചെറിയുകയും ചെയ്യും. ഈ പ്രായത്തിൽ അങ്ങനെ സംഭവിച്ചാൽ സാരമില്ല. കാരണം തൈമൂർ കുട്ടിയാണ്. എന്നാൽ ഏഴോ എട്ടോ വയസാകുമ്പോൾ മാധ്യമങ്ങൾ അവനെ വലിച്ചെറിഞ്ഞാൽ അത് തൈമൂറിനെ മാനസികമായി ബാധിക്കും’. ഷർമിള വ്യക്തമാക്കുന്നു.