ഉണ്ണി മുകുന്ദനൊപ്പം എഡിറ്റ് ചെയ്ത ചിത്രം; ആരാധകന് കിടിലന്‍ മറുപടി നല്‍കി താരം

December 11, 2019

വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പംതന്നെ പലപ്പോഴും താരങ്ങളുടെ സ്വകാര്യജീവിതത്തിലെ ചില വിശേഷങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇടം നേടാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ആരാധകരോടുള്ള താരത്തിന്റെ സമീപനങ്ങളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്നു.

ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ തന്റെ ആരാധകന് നല്‍കിയ മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. സംഭവം ഇങ്ങനെ: രാജീവ് രവീന്ദ്രന്‍ എന്ന ഉണ്ണി മുകുന്ദന്റെ കടുത്ത ആരാധകന്‍ ഫേസ്ബുക്കില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ഉണ്ണി മുകുന്ദനൊപ്പം രാജീവ് രവീന്ദ്രന്‍ നില്‍ക്കുന്ന ഈ ചിത്രം എഡിറ്റിങ്ങിലൂടെ ക്രിയേറ്റ് ചെയ്‌തെടുത്തതാണ്.

ചിത്രത്തോടൊപ്പം ആരാധകന്‍, താന്‍ ഉണ്ണി മുകുന്ദന്റെ വലിയ ആരാധകനാണെന്നും നേരിട്ട് കാണാന്‍ ആഗ്രമുണ്ടെന്നും ഈ ചിത്രം എഡിറ്റിങ്ങിലൂടെ സൃഷ്ടിച്ചെടുത്തതാണെന്നും കുറിച്ചും. എന്നാല്‍ ഈ കുറിപ്പിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയാണ് ഹൃദ്യം.

‘മേപ്പടിയന്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷനില്‍ സാധിക്കുമെങ്കില്‍ വരണമെന്നാണ് താരം നല്‍കിയ മറുപടി. ഈരാറ്റുപേട്ടയിലെ ലൊക്കേഷനില്‍ 18-ാം തീയതിക്ക് ശേഷം വരണമെന്നും ഒരുമിച്ച് ചിത്രം എടുക്കാന്‍ തനിക്കും ആഗ്രഹമുണ്ടെന്നും താരം കുറിച്ചു. കൂടാതെ ഇനി തനിക്കൊപ്പമുള്ള ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് ഇടേണ്ടിവരില്ലെന്നും ഉണ്ണി മുകുന്ദന്‍ മറുപടിയില്‍ പറയുന്നു. എന്തായാലും ഉണ്ണി മുകുന്ദന്റെ ഈ മറുപടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്നതും. ചന്ദ്രോത്ത് പണിക്കര്‍ എന്നാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഡിസംബര്‍ 12 മുതല്‍ ‘മാമാങ്കം’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.