‘ലബ്ബൈക്കള്ളാ’; ശ്രദ്ധനേടി വലിയ പെരുന്നാളിലെ മനോഹരഗാനം

December 7, 2019

ഷെയ്ന്‍ നിഗം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘വലിയ പെരുന്നാൾ’. ചിത്രത്തിലെ ഒരു മനോഹര ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. റെക്സ് വിജയൻ സംഗീതം ചെയ്ത ലബ്ബൈക്കള്ളാ ‘ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

അതേസമയം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ‘ചെമ്മാനം..’എന്ന് തുടങ്ങുന്ന ഗാനത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. സാജൂ ശ്രീനിവാസിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റെക്സ് വിജയനാണ്. ആലാപനം സാജൂ ശ്രീനിവാസ് തന്നെയാണ്. ചിത്രത്തിലേതായി പുറത്തിറങ്ങിയ ‘കാടറിഞ്ഞതും മേടറിഞ്ഞതും’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും നേരത്തെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

നവാഗതനായ ഡിമൽ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെസ്റ്റിവൽ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പുറത്തിറങ്ങുന്നത്. അൻവർ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് മാജിക് മൗണ്ടൻ സിനിമാസാണ്. ഷെയ്ൻ നിഗത്തിനൊപ്പം സൗബിൻ സാഹിർ, ജോജു എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. ഹിമിക ബോസാണ് വലിയ പെരുന്നാളിൽ ഷെയ്‌ന്റെ നായികയായി എത്തുന്നത്. ഡിമലും തസ്ലിഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അതേസമയം ‘ഇഷ്‌കാ’ണ് ഷെയ്ന്‍ നിഗത്തിന്റേതായി അവസാനമായി വെള്ളിത്തിരയിൽ എത്തിയ ചിത്രം. കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ട് സിനിമയിൽ ജീവിക്കുന്ന യുവതാരങ്ങളിൽ ഒരാളാണ് ഷെയ്ൻ നിഗം. കുറഞ്ഞ ചിത്രത്തിലൂടെത്തന്നെ മികച്ച പ്രകടനം കാഴ്ച്ചവച്ച് മലയാളികളുടെ പ്രിയപ്പെട്ട നായകനായി മാറിയ ഷെയ്ൻ, സച്ചിദാനന്ദൻ എന്ന ചെറുപ്പക്കാരനായി എത്തി, അവിശ്വസനീയമാം വിധം അഭിനയിച്ച ചിത്രമാണ് നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്‌ക്.