മുതുകില്‍ വീട് ചുമന്നു നടക്കുന്ന ഒച്ചുമനുഷ്യന്‍; അറിയാക്കഥ
തലവാചകം കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് കൗതുകം തോന്നിയേക്കാം. മറ്റു ചിലര്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് തലപുകഞ്ഞ് ആലോചിച്ചേക്കാം. എന്തായാലും സംഗതി സത്യമാണ്. മുതുകില്‍ വീടും ചുമന്നു നടക്കുന്ന ഒരു മനുഷ്യനുണ്ട്, ചൈനക്കാരനായ ലിയു ലിന്ചുവു. വീട് ഇത്തരത്തില്‍ ചുമന്നു നടക്കാന്‍ ഇദ്ദേഹത്തിന് വ്യക്തമായ കാരണവുമുണ്ട്.
ലിയു ലിന്ചുവുവിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലാണ്. കാണുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ഒരല്പം നൊമ്പരം നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ കഥ. ചൈനയിലെ ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്താണ് ലിയു ലിന്ചുവുവിന്റെ യഥാര്‍ത്ഥ വീട്. അവിടെ നിന്നുമാണ് പോര്‍ട്ടബിള്‍ വീടും ചുമന്നുകൊണ്ടുള്ള ലിയുവിന്റെ സഞ്ചാരം ആരംഭിക്കുക.
മൂന്ന് ദിവസത്തോളം വീടും ചുമന്നുകൊണ്ട് ഇയാള്‍ നടക്കും. അതായത് സെന്‍ട്രല്‍ ചൈനയിലെ പട്ടണമായ ലിനുസുവില് എത്തുന്നതുവരെ. വീടും ചുമന്നുകൊണ്ടുള്ള സഞ്ചാരത്തിനിടെ മടുക്കുമ്പോള്‍ ലിയു വീട്ടില്‍ ഇരുന്നും കിടന്നുമെല്ലാം വിശ്രമിക്കാറുണ്ട്.
Read more: ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയായി ദീപിക പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയപ്പോള്‍: വീഡിയോ
ജീവിത മാര്‍ഗത്തിന്റെ ഭാഗമായാണ് ലിയു ഇങ്ങനെ വീടും ചുമന്നു നടക്കുന്നത്. പഴയ വസ്തുക്കള്‍ ശേഖരിച്ച് നഗരത്തില്‍ കൊണ്ടുവന്നു വില്‍ക്കുന്നതാണ് ലിയുവിന്റെ ജോലി. യാത്രയില്‍ വിശ്രമിക്കാനായി മറ്റ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഒരുപാട് പണം ചെലവാകാറുണ്ട്. ഇക്കാരണത്താലാണ് മുതുകില്‍ വീടും ചുമന്നുകൊണ്ട് ലിയു നടക്കുന്നത്.
അതേസമയം സ്നെയില്‍ മാന്‍ അഥവാ ഒച്ചുമനുഷ്യന്‍ എന്നാണ് ലിയു ലിന്ചുവു അറിയപ്പെടുന്നത്. ഈ പേര് ലഭിച്ചതോടെ ലിയുവിനെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഇപ്പോള്‍ നഗരത്തിലെത്തിയാല്‍ ഇദ്ദേഹത്തോടൊപ്പം ചിത്രങ്ങള്‍ പകര്‍ത്താനും നിരവധിപ്പേര്‍ എത്തുന്നു. എന്നാല്‍ വീടും ചുമന്നുകൊണ്ടുള്ള ഈ നടപ്പ് ലിയുവിന് അല്പം പ്രശസ്തി നേടിക്കൊടുത്തെന്നാണ് അദ്ദേഹം പറയുന്നത്.