ഉറക്കം സുഖകരമാക്കാന്‍ ശ്രദ്ധിക്കാം ചില കാര്യങ്ങള്‍

January 14, 2020

മനസിനും ശരീരത്തിനും ആവശ്യമുള്ള ഒന്നാണ് ഉറക്കം എന്നത്. സുഖകരമായ ആരോഗ്യത്തിന് സുഖകരമായ ഉറക്കവും അനിവാര്യം തന്നെ. എന്നാല്‍ ഇന്ന് പലവിധ കാരണങ്ങളാല്‍ സുഖകരമായ ഉറക്കം പലര്‍ക്കും നഷ്ടമാകുന്നു. പലപ്പോഴും ഉറക്കകുറവ് വിവിധങ്ങളായ രോഗങ്ങളിലേക്കും വഴി തെളിക്കും. എന്നാല്‍ ചില കാര്യങ്ങളില്‍ ഒരല്പം ശ്രദ്ധ കൂടുതല്‍ കൊടുത്താല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം.

ജോലി ഭാരവും പഠനഭാരവുമൊക്കെ മറന്ന് സുഖമായി ഒന്നു ഉറങ്ങാന്‍ പലരും തിരഞ്ഞെടുക്കുന്നത് അവധി ദിവസങ്ങളെയാണ്. എന്നാല്‍ അവധി ദിവസങ്ങളില്‍ കൂടുതല്‍ ഉറങ്ങുന്നത് അത്ര ഗുണകരമല്ല. എല്ലാ ദിവസവും ഉറങ്ങുന്നതിനു വേണ്ടിയള്ള സമയത്തില്‍ ഒരു കൃത്യത വരുത്തേണ്ടത് അത്യാവശ്യമാണ്. ഓരോ ദിവസങ്ങളിലും വ്യത്യസ്ത സമയങ്ങള്‍ ഉറങ്ങാന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉറക്കത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ട് ഉറക്കത്തിനുള്ള സമയം കൃത്യമായി ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്.

ലഹരി വസ്തുക്കളുടെയും മദ്യത്തിന്റെയുമെല്ലാം അമിതോപയോഗം ഉറക്കത്തെ ദോഷകരമായി ബാധിക്കും. ഉറക്കത്തിലേക്ക് പെട്ടെന്നു വഴുതിവീഴാന്‍ മദ്യം സഹായിക്കുമെങ്കിലും തുടര്‍ന്നുള്ള സുഖകരമായ ഉറക്കത്തെ മദ്യം തടസപ്പെടുത്തും. സുഖകരമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ വരും ദിവസവും ശാരീരികമായും മാനസികമായും ക്ഷീണം അനുഭവപ്പെടും.

ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗവും സുഖകരമായ ഉറക്കത്തെ ദോഷകരമായി ബാധിക്കും. രാത്രിയില്‍ അധികസമയം ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നല്ലതല്ല. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഫോണും കംപ്യൂട്ടറും ഉപയോഗിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കത്തിന് ഗുണം ചെയ്യില്ല. അത്താഴത്തിന് ഹെവി ഫുഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്. അമിതാഹാരം കഴിച്ച് ഉറങ്ങാന്‍ കിടന്നാല്‍ പലപ്പോഴും നെഞ്ചരിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം അസ്വസ്ഥതകള്‍ ഉറക്കത്തെ ദോഷകരമായി ബാധിക്കും. മേല്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരല്പം ശ്രദ്ധ കൂടുതല്‍ നല്‍കിയാല്‍ സുഖകരമായ ഉറക്കം സ്വന്തമാക്കാം. ഒപ്പം ആരോഗ്യകരമായ ജീവിതവും.