സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി ഒരു 30 വര്‍ഷ ചലഞ്ച്
10 ഇയര്‍ ചലഞ്ച്, ഫൈവ് ഇയര്‍ ചലഞ്ച് എന്നു തുടങ്ങി വ്യത്യസ്ത തരത്തിലുള്ള ഇയര്‍ ചലഞ്ചുകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ് ഒരു 30 വര്‍ഷത്തെ ചലഞ്ച്. മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും ബൈജുവുമാണ് ഈ ചലഞ്ചിലെ താരങ്ങള്‍.
ഇരു താരങ്ങളും ഒരുമിച്ച് വെള്ളിത്തിരയിലെത്തിയ കോട്ടയം കുഞ്ഞച്ചന് എന്ന ചിത്രത്തിലെ ഇരുവരും ഒരുമിച്ചെത്തിയ ഒരു രംഗത്തിന്റെ ഫോട്ടോയും തിയേറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്ന ഷൈലോക്ക് എന്ന സിനിമയുടെ ഇരുവും ഒരുമിച്ചുള്ള ഒരു ചിത്രവുമാണ് ഈ ഇയര്‍ ചലഞ്ചില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
1990-ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്. ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു ഈ ചിത്രം. 1982 മുതല്‍ വെള്ളിത്തിരയിലെത്തിയതാണ് ബൈജു സന്തോഷ് എന്ന നടന്. സഹ നടനായാണ് കൂടുതല്‍ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബാലതാരമായിട്ടായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള താരത്തിന്റെ അരങ്ങേറ്റം. ഇപ്പോഴും ബൈജു സിനിമാ രംഗത്ത് സജീവ സാന്നിധ്യമാണ്. നൂറിലധികം സിനിമകളില്‍ ഇതിനോടകംതന്നെ താരം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
അതേസമയം മമ്മൂട്ടി നായകനായെത്തുന്ന ഷൈലോക്ക് എന്ന ചിത്രം ഈ മാസം 23 മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ബോസ് എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമാ നിര്‍മാതാക്കള്‍ക്ക് പലിശയ്ക്ക് പണം കൊടുക്കുന്ന ബോസ് കൊടുത്ത പണം കൃത്യമായി തിരികെ ലഭിച്ചില്ലെങ്കില്‍ പ്രശ്നക്കാരനാകുന്നു. അതുകൊണ്ടാണ് അയാളെ എല്ലാവരും ഷൈലോക്ക് എന്നു വിളിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം നെഗറ്റീവ് ടച്ചുള്ളതാണ്. ഷേക്സ്പിയര് കഥകളിലെ നെഗറ്റീവ് ടച്ചുള്ള ഷൈലോക്കിനെ ഓര്‍മ്മപ്പെടുത്തും ഈ കഥാപാത്രം.
Read more: മമ്മൂട്ടിയും രാജ് കിരണും ഒന്നിക്കുന്നു; ശ്രദ്ധനേടി കുബേരൻ ടീസർ
ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. ‘ഷൈലോക്ക്’ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തിന്റെ സ്വഭാവമാണ് നായകന്. പാവപ്പെട്ട ഒരാളാണ് നായക സ്വഭാവമുള്ള കഥാപാത്രം. തമിഴ് നടന് രാജ് കിരണ്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു.