കുക്കീസ് സംവിധാനം നിര്‍ത്തലാക്കാന്‍ ഒരുങ്ങി ഗൂഗിള്‍ ക്രോം
ഏറെ ജനസ്വീകാര്യതയുള്ള സേര്‍ച്ച് എഞ്ചിനാണ് ഗൂഗിള്‍ ക്രോം. എന്തിനും ഏതിനും ഗൂഗിള്‍ ക്രോമില്‍ തിരയുന്നവരാണ് നമ്മളില്‍ അധികവും. ഇപ്പോഴിതാ പുതിയൊരു നീക്കത്തിനൊരുങ്ങുകയാണ് ഗൂഗിള്‍ ക്രോം . ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗ വിവരങ്ങള്‍ ശേഖരിക്കുന്നതിനു വേണ്ടി ഏര്‍പ്പെടുത്തിയിരുന്ന കുക്കീസ് സംവിധാനം ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കുക്കീസ് ഒഴിവാക്കാനാണ് ഗൂഗിള്‍ ക്രോം തീരുമാനിച്ചിരിക്കുന്നത്.
പരസ്യ വിതരണം അടക്കമുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗരീതി പകര്‍ത്താന്‍ വെബ്സൈറ്റുകള്‍ ആശ്രയിക്കുന്നത് കുക്കീസിനെയാണ്. ബ്രൗസര്‍ ശേഖരിച്ചുവയ്ക്കുന്ന കുക്കീസിന്റെ അടിസ്ഥാനത്തിലാണ് ഓണ്‍ലൈന്‍ പരസ്യ കമ്പനികള്‍ ഉപയോക്താക്കളുടെ താല്പര്യത്തിന് അനുസരിച്ച പരസ്യങ്ങള്‍ എത്തിക്കുന്നത്. ഉദാഹരണത്തിന്, ഇന്റര്‍നെറ്റില്‍ നാം ഒരു പ്രത്യേക ഫോണ്‍ തിരയുകയാണെങ്കില്‍ തുടര്‍ന്ന് നാം സന്ദര്‍ശിക്കുന്ന വെബ്സൈറ്റുകളില്‍ എല്ലാം ഈ ഫോണിന്റെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ബ്രൗസറിലെ കുക്കീസ് ഉപയോഗിച്ചാണ് ഇത്തരത്തില്‍ ഉപയോക്താവിന്റെ താല്പര്യങ്ങള് തിരിച്ചറിയുന്നത്.
Read more: പുതിയ ഭാവത്തില്‍ പൃഥ്വിരാജ്; ശ്രദ്ധ നേടി ‘ആടുജീവിതം’ ലുക്ക്
കുക്കീസ് ഒഴിവാക്കുന്നതു വഴി ഉപയോക്താവിന് കൂടുതല്‍ സ്വകാര്യത ലഭ്യമാകും എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഗൂഗിളിന് മറ്റ് നിരവധി വഴികള്‍ ഉള്ളതുകൊണ്ടുതന്നെ കുക്കീസ് ഒഴിവാക്കുന്നത് ഗൂഗിളിന്റെ പരസ്യ വിതരണത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല. അതേസമയം സ്വകാര്യത വാഗ്ദാനം ചെയ്യുന്ന സഫാരി, ഡക്ക് ഡക്ക് ഗോ പോലുള്ള ബ്രൗസറുകള്‍ക്ക് വലിയ രീതിയിലുള്ള സ്വീകാര്യത ലഭിക്കുന്ന സാഹചര്യത്തിലാണ് ഗൂഗിള്‍ ക്രോമിന്റെ പുതിയ തീരുമാനം.