രാജാക്കന്മാരായി ഇന്ത്യന്‍ താരങ്ങള്‍; പരമ്പര സ്വന്തം
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന അങ്കത്തിലും നേട്ടം കൊയ്ത് ഇന്ത്യ. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ട് മത്സരത്തിലും വിജയിച്ച് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ പരമ്പര സ്വന്തമാക്കി. രോഹിത് ശര്‍മ്മയുടെ സെഞ്ചുറി മികവും നായകന് വിരാട് കോലിയുടെ അര്‍ധ സെഞ്ചുറി മികവുമാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഇരു ടീമുകള്‍ക്കും നിര്‍ണായകമായിരുന്ന മൂന്നാം അങ്കത്തില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു.
ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയ ആയിരുന്നു വിജയിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ 36 റണ്‍സിന്റെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി. അതുകൊണ്ടുതന്നെ ഇന്നലെ നടന്ന മൂന്നാം മത്സരം ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായിരുന്നു. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. 286 റണ്‍സാണ് ഓസ്ട്രേലിയ അടിച്ചെടുത്തത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. ചിന്നസ്വാമിയിലെ മൈതാനത്തില്‍ രാജാക്കന്മാരാകുകയായിരുന്നു ഇതോടെ ഇന്ത്യ. ഓസിസിനെ ഏഴ് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇന്ത്യ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്.
ശിഖര്‍ ധവാന്റെ അഭാവത്തില്‍ കെ എല്‍ രാഹുല്‍ ആയിരുന്നു രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയ്ക്കായി ഓപ്പണിങ്ങിന് ഇറങ്ങിയത്. ഇന്ത്യയുടെ തുടക്കവും ഗംഭീരമായിരുന്നു. എന്നാല്‍ 13-ാം ഓവറില്‍ ഇന്ത്യയ്ക്ക് രാഹുലിനെ നഷ്ടമായി. പിന്നീട് കളത്തിലിറങ്ങിയ നായകന് വീരാട് കോലി, രോഹിത് ശര്‍മ്മയ്ക്കൊപ്പം ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ ബോര്‍ഡ് ഉയര്‍ന്നു. 137 റണ്‍സിന്റെ കൂട്ടുകെട്ട് രോഹിത്-കോലി സംഖ്യം ഉയര്‍ത്തി. രോഹിത് ശര്‍മ്മയാകട്ടെ തന്റെ ഏകദിന കരിയറിലെ 29-ാം സെഞ്ചുറിയും നേടി. 128 പന്തുകളില്‍ നിന്നായി ആറ് സിക്സും എട്ട് ഫോറും അടക്കം 119 റണ്‍സാണ് രോഹിത് ശര്‍മ്മ അടിച്ചെടുത്തത്. 91 പന്തുകളില്‍ നിന്നായി എട്ടു ഫോറുകളുടെ മികവില്‍ 89 റണ്‍സ് വിരാട് കോലിയുമെടുത്തു. രോഹിത് ശര്‍മ്മ- വിരാട് കോലി കൂട്ടുകെട്ടുതന്നെയാണ് ഇന്ത്യയുടെ ഇന്നിങ്സില്‍ നിര്‍ണായകമായതും.
ബാറ്റിങ്ങില്‍ മാത്രമല്ല ബൗളിങ്ങിലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിച്ചു. പേസര്‍മാര്‍ കരുത്ത് കാട്ടി മൈതാനത്ത്. മുഹമ്മദ് ഷമി നാല് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും. കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്നി എന്നിവരും ഇന്ത്യയ്ക്കായി ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ ബൗളിങും ഓസ്ട്രേലിയയുടെ റണ്ണൊഴുക്കിനെ മന്ദഗതിയിലാക്കാന്‍ തുണച്ചു.